ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ് കണ്ണൂർ സ്വദേശി സാജുവിനെ കോടതി റിമാൻഡ് ചെയ്തു. തുടർനടപടികളുടെ ഭാഗമായി വീണ്ടും ബുധനാഴ്ച നോർതാംപ്റ്റൻഷർ കോടതിയിൽ ഹാജരാക്കും. മി‍‍‍‍‍ഡ്‌ലാൻസിലെ വെല്ലിങ്ബറോ മജിസ്രട്രേട്ട് കോടതിയിലാണ് ഇന്നലെ രാവിലെ കേസന്വേഷിക്കുന്ന നോർതാംപ്റ്റൻഷർ പൊലീസ് സാജുവിനെ ഹാജരാക്കിയത്.

സാജുവിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ കോടതിക്കു പുറത്തേക്കു കൊണ്ടുവന്ന സാജു നിർവികാരനായി പുറത്തു കാത്തുനിന്നവരെ നോക്കിയാണ് വാഹനത്തിലേക്ക് കയറിയത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കെറ്ററിങ്ങിലെ വാടകവീട്ടിൽ വച്ച് സാജു ഭാര്യ നഴ്സായ അഞ്ജു അശോകിനെയും മക്കളായ ജീവ (6) ജാൻവി (4) എന്നിവരെയും കൊലപ്പെടുത്തിയത്.

മൂവരെയു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അഞ്ജുവിന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളും ഏൽപിച്ചിരുന്നു. അഞ്ജുവിന്റെ മാതാവിന്റെ സംസ്കാര ചടങ്ങുകൾ നടത്തിയ സ്ഥലത്തോടു ചേർന്നു തന്നെ ഇവരെയും സംസ്കരിക്കണം എന്നാണ് അച്ഛൻ ആറാക്കൽ അശോകന്റെ ആഗ്രഹം.

അഞ്ജുവിന്റെയും മക്കളുടെയും ഭൗതികശരീരങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് സുഹൃത്തുക്കൾ തുടക്കം കുറിച്ചു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി ഫ്യൂണറൽ സർവീസുമായി സംസാരിച്ച് കരാറിലെത്തി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങളിൽനിന്നുള്ള കത്ത് ഇന്ത്യൻ എംബസിയിൽ ഇന്നലെ എത്തിച്ചു.

പൊലീസ് കസ്റ്റഡിയിൽനിന്നും മൃതദേഹങ്ങൾ വിട്ടുകിട്ടുന്ന മുറയ്ക്ക് ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാരം ഫ്യൂണറൽ സർവീസ് കമ്പനി മറ്റ് നടപടികൾ കൈക്കൊള്ളും. 6500 പൗണ്ടാണ് ഇതിനായി ഫ്യൂണറൽ സർവീസ് ഈടാക്കുന്നത്. ഇതുൾപ്പെടെയുള്ള ചെലവുകൾ ഇന്ത്യൻ എംബസി വഹിക്കുമെന്നാണ് കരുതുന്നത്. മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കഴിഞ്ഞദിവസം ഇന്ത്യൻ ഹൈക്കമ്മിഷൻ രേഖാമൂലം തോമസ് ചാഴികാടൻ എംപിയെ അറിയിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്നലെ അഞ്ജുവിന്റ സഹപ്രവർത്തകർകൂടിയായ സുഹൃത്തുക്കൾ ആശുപത്രി അധികൃതരുമായി ഔദ്യോഗിക ചർച്ച നടത്തി. അഞ്ചുവിന്റെ നഴ്സിങ് മാനേജരും മറ്റ് മുതിർന്ന മനേജർമാരുമായി നടന്ന കൂടിക്കാഴ്ചയിൽ താൽകാലികമായി അഞ്ചുവിന്റെ പേയ്മെന്റ് മരവിപ്പിച്ചു നിർത്താൻ തീരുമാനമെടുത്തു.

എൻ.എച്ച്.എസ്. പെൻഷൻ സ്കീമിൽ അംഗമായ അഞ്ജുവിന് അർഹതപ്പെട്ട ഇൻഷുറൻസ് പരിരക്ഷയും മറ്റ് പെൻഷൻ ആനുകൂല്യങ്ങളും നഷ്ടപരിഹാരവും താൽകാലികമായി മരവിപ്പിച്ച ശമ്പളവുമെല്ലാം ചേർത്തുള്ള തുക പിന്നീട് മാതാപിതാക്കൾക്ക് കൈമാറും. നഴ്സിങ് യൂണിയനായ യൂണിസെന്നിലും അംഗമായിരുന്നു അഞ്ജു.

അഞ്ചുവിനൊപ്പം ഒരുമിച്ച് ജോലി ചെയ്തിരുന്ന മെയിൽ നഴ്സ് മനോജിനെയും നഴ്സായ ഭാര്യ സ്മിതയെയുമാണ് ഇന്ത്യൻ ഹൈക്കമ്മിഷനും എൻ.എച്ച്.എസുമെല്ലാം ഫസ്റ്റ് കോൺടാക്ട് പോയിന്റായി കണക്കാക്കുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമ്പോൾ അനുഗമിക്കാനായി ഇരുവർക്കും ആശുപത്രി അധികൃതർ സ്പെഷൽ അവധി നൽകിയിട്ടുണ്ട്.

കോടതി അനുമതിയോടെ പൊലീസിൽനിന്നും മൃതദേഹങ്ങൾ എന്നത്തേക്ക് വിട്ടുകിട്ടും എന്നതാണ് ഇനി അറിയേണ്ടത്. അതിവേഗം നടപടികൾ പുരോഗമിക്കുന്ന ഈ കേസിൽ ഇക്കാര്യത്തിൽ വലിയ കാലതാമസം ഉണ്ടാകാനിടയില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായില്ലെങ്കിൽ പിന്നീട് ക്രിസ്മസ്, ന്യൂ ഇയർ അവധിക്കു ശേഷമേ തുടർ നടപടികൾ പ്രതീക്ഷിക്കേണ്ടതുള്ളൂ.