ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ വിലക്കിയതിനെ തുടർന്ന് അഞ്ച് പ്രമുഖ സർക്കാരിതര സംഘടനകൾ (എൻ‌ജി‌ഒകൾ) സേവനം താൽക്കാലികമായി നിർത്തിവച്ചു. വനിതാ ജീവനക്കാരില്ലാതെ ജോലി തുടരാൻ കഴിയില്ലെന്ന് കെയർ ഇന്റർനാഷണൽ, നോർവീജിയൻ റെഫ്യൂജി കൗൺസിൽ (എൻആർസി), സേവ് ദി ചിൽഡ്രൻ എന്നിവർ പറഞ്ഞു. ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റിയും സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അതേസമയം മിക്ക സേവനങ്ങളും നിർത്തുകയാണെന്ന് ഇസ്ലാമിക് റിലീഫ് പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ ഭരണകക്ഷിയായ താലിബാൻ സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്നത് തുടരുകയാണ്. സ്ത്രീകൾക്ക് സർവകലാശാലയിൽ പ്രവേശനം വിലക്കിയതിന് തൊട്ടുപിന്നാലെയാണ് എൻജിഒകൾക്കെതിരെ വിലക്ക് വന്നത്. ഹിജാബ് ധരിക്കാതെ ഡ്രസ് കോഡുകൾ ലംഘിച്ച് സ്ത്രീകൾ ജോലി ചെയ്യുന്നതായി താലിബാൻ സാമ്പത്തിക മന്ത്രാലയ വക്താവ് അബ്ദുൽ റഹ്മാൻ ഹബീബ് ആരോപിച്ചു. അതേസമയം, സ്ത്രീകളെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി ഗ്രൂപ്പുകൾ രംഗത്തെത്തി.

ദരിദ്ര കുടുംബങ്ങൾക്ക് ഉപജീവനമാർഗവും വിദ്യാഭ്യാസവും ചില ആരോഗ്യ സംരക്ഷണ പദ്ധതികളും ഉൾപ്പെടെയുള്ളവ നിർത്തിവയ്ക്കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതാണെന്ന് ഇസ്ലാമിക് റിലീഫ് പറഞ്ഞു. സ്ത്രീ എൻജിഒ പ്രവർത്തകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ഉടൻ പിൻവലിക്കണമെന്ന് ഇസ്ലാമിക് റിലീഫ് അഫ്ഗാൻ അധികൃതരോട് ആവശ്യപ്പെട്ടു.