ആൺ സുഹൃത്തിന്റെ കൊലക്കത്തിക്കിരയായ സംഗീതയുടെ മൃതദേഹം സംസ്കരിച്ചതിനു പിന്നാലെ പ്രതി ഗോപുവുമായി പോലീസ് തെളിവെടുപ്പിനെത്തിയതോടെ ജനരോഷവും സംഘർഷവും. പ്രതിയെ ജീപ്പിൽ നിന്നു പുറത്തിറക്കാതിരുന്നതോടെ ജനം പോലീസ് ജീപ്പ് വളഞ്ഞു. ഇതോടെ പ്രതിയെ പുറത്തിറക്കുന്നത് പന്തിയല്ലെന്ന് മനസിലാക്കിയ പോലീസ് ഫോറൻസിക് ഉദ്യോഗസ്ഥർക്കൊപ്പം സ്ഥലം വിട്ടു.
ഇതോടെ രോഷാകുലരായ നാട്ടുകാർ സ്ഥലത്തെത്തിയ ഒ.എസ്. അംബിക എം.എൽ.എയുടെ വാഹനം തടഞ്ഞിട്ടു. അര മണിക്കൂറോളം സമയം എം.എൽ.എയെ തടഞ്ഞു വച്ചു തുടർന്ന് എം.എൽ.എ വർക്കല ഡി.വൈ.എസ്.പിയുമായി ഫോണിൽ സംസാരിച്ചു.തുടർന്ന് എസ്.ഐ രാഹുലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി എം.എൽ.എയെ കടത്തി വിട്ടു. വ്യാഴാഴ്ച പ്രതിയെ തെളിവെടുപ്പിനായി വീണ്ടും സ്ഥലത്തെത്തിക്കുമെന്ന് അറിയിച്ച ശേഷമാണ് നാട്ടുകാർ ശാന്തരായത്.
വടശ്ശേരിക്കോണം തെറ്റിക്കുളം യുപി സ്കൂളിന് സമീപം പതിനേഴുകാരിയായ ബിരുദവിദ്യാർഥിനിയെ ആൺസുഹൃത്ത് രാത്രി വീട്ടിൽ നിന്നു വിളിച്ചിറക്കി കഴുത്തറത്ത് കൊലപ്പെടുത്തി. വടശ്ശേരിക്കോണം തെറ്റിക്കുളം പൊലീസ് റോഡ് പാലവിള സംഗീതനിവാസിൽ സജീവ്–ശാലിനി ദമ്പതിമാരുടെ മകൾ സംഗീത(17)യാണ് കൊല്ലപ്പെട്ടത്. പള്ളിക്കൽ പ്ലാച്ചിവിള നരിമാത്ത് കുന്നുംപുറത്ത് വീട്ടിൽ ഗോപുവിനെ(20) കൊല നടന്നതിന്റെ പിന്നാലെ പള്ളിക്കലിലെ വീട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ഗോപു കുറ്റം സമ്മതിച്ചതായി റൂറൽ എസ്പി ഡി.ശിൽപ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെ ഒന്നര മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. നേരത്തേ അടുപ്പമുണ്ടായിരുന്ന സംഗീത തന്നിൽ നിന്ന് അകലുന്നുവെന്ന സംശയത്തിൽ ഗോപു മറ്റൊരു സിം കാർഡ് ഉപയോഗിച്ചു ‘ അഖിൽ ’ എന്ന പേരിൽ ചാറ്റിങ് നടത്തി അടുപ്പമുണ്ടാക്കിയാണ് കൊലനടത്തിയത്. ചാറ്റിങ്ങിനിടയിൽ ഗോപുവിനെ ഇകഴ്ത്തുന്ന രീതിയിൽ സംഗീത സംസാരിച്ചതും കൂടുതൽ പ്രകോപനമായെന്നു പൊലീസ് കരുതുന്നു. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രാത്രി ബൈക്കിൽ എത്തിയ ഗോപു പുതിയ നമ്പറിൽ നിന്നു സംഗീതയെ ഫോണിൽ വിളിച്ചു പുറത്തേയ്ക്കു വരാൻ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് സംഗീത വീട്ടിൽ നിന്നു 100 മീറ്റർ അകലെയുള്ള റോഡിനു സമീപം എത്തി. പുതുതായി പരിചയപ്പെട്ടയാളാണെന്നു കരുതിയാണ് സംഗീത എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഹെൽമറ്റ് ധരിച്ചിരുന്ന ഗോപുവുമായി സംസാരിക്കുന്നതിനിടെ സംശയം തോന്നി സംഗീത ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ആളെ തിരിച്ചറിഞ്ഞ് അപകടം മനസ്സിലാക്കി സംഗീത തിരികെ ഓടാൻ ശ്രമിക്കുന്നതിനിടെ ഗോപു കത്തികൊണ്ട് കഴുത്ത് അറുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു .
ആഴത്തിൽ മുറിവേറ്റ സംഗീത തിരികെ വീട്ടിലേക്കു ഓടി വാതിലിൽ ഇടിച്ച് വീട്ടുകാരെ ഉണർത്തുന്നതിനിടെ സിറ്റൗട്ടിൽ കുഴഞ്ഞു വീണു. ബഹളം കേട്ട് ഉണർന്നെത്തിയ അച്ഛനും അമ്മയും രക്തത്തിൽ കുളിച്ചു കിടക്കുന്ന മകളെയാണ് കണ്ടത്. തുടർന്ന് ഓട്ടോറിക്ഷയിൽ വർക്കലയിലെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കൊലയ്ക്കു ശേഷം ബൈക്കിൽ അവിടെ നിന്നു കടന്ന ഗോപു സംഗീതയുടെ മൊബൈൽ വഴിയിലും കത്തി വഴിയരികിലെ പുരയിടത്തിലും ഉപേക്ഷിച്ചു. ഇതു രണ്ടും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മൂന്നു മാസം മുൻപ് ഇരുവരും സൗഹൃദത്തിലായിരുന്നു. തുടർന്നു സംഗീതയുടെ വീട്ടുകാർ ഗോപുവിന്റെ വീട്ടുകാരോട് വിഷയം സംസാരിക്കുകയും സൗഹൃദത്തിൽ നിന്നു പിൻമാറുകയും ചെയ്തു. അതിന് ശേഷമാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ പേരിൽ അഖിൽ എന്ന പേരിൽ സംഗീതയുമായി സൗഹൃദം സ്ഥാപിച്ചത്. കിളിമാനൂരിലെ സ്വകാര്യ കോളജിലെ ബികോം ഒന്നാം വർഷ വിദ്യാർഥിനിയാണ് സംഗീത. ടാപ്പിങ് തൊഴിലാളിയാണ് ഗോപു.
Leave a Reply