ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബക്കിംഗ്ഹാംഷെയറിലെ ഹോസ്പിറ്റലിൽ ജോലി ചെയുന്ന എൻ എച്ച് എസ് സ്റ്റാഫിനോട് ക്രിസ്മസ് ബോണസ് തിരികെ നൽകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്ത്. കൗണ്ടിയിലെ പ്രധാന ആശുപത്രികളിലൊന്നിൽ ജീവനക്കാരോട് ക്രിസ്മസ് തലേന്ന് പേയ്‌മെന്റ് തിരികെ നൽകണമെന്ന് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. അതേസമയം മിൽട്ടൺ കെയിൻസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജീവനക്കാർക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ ആരംഭിച്ചതിനു ശേഷമാണ് ബോണസ് നൽകാൻ തുടങ്ങിയത്.

ഡിസംബർ മാസം അഞ്ചു മുതൽ 10 വരെ ഷിഫ്റ്റുകൾ അധികമായി ജോലി ചെയ്താൽ 300 പൗണ്ട് വരെ ലഭിക്കുമെന്ന് ചില ജീവനക്കാരോട് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. ബോണസിനു അർഹതയില്ലാത്ത ജീവനക്കാർക്ക് ആശുപത്രി അധികൃതർ നൽകിയതായാണ് മറ്റ് ചില ജീവനക്കാർ ആരോപിക്കുന്നത്. ക്ഷുഭിതരായ തൊഴിലാളികൾ മിൽട്ടൺ കെയിൻസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ട്രസ്റ്റിൽ പരാതിപ്പെട്ടു. സംഭവത്തെ തുടർന്ന് ക്ഷമാപണം നടത്തി ആശുപത്രി അധികൃതർ രംഗത്ത് വന്നിട്ടുണ്ട്.

ബോണസിന് നികുതി നൽകേണ്ടതിനാൽ 150 പൗണ്ടിൽ 60 പൗണ്ട് മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ രാജ്യത്ത് ജീവിതച്ചെലവ് പ്രതിസന്ധി അനുദിനം തുടരുമ്പോൾ ബോണസ് തുക മുഴുവനായും തിരികെ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. മിൽട്ടൺ കെയിൻസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോ ഹാരിസണും കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടർ കേറ്റ് ജർമാനും ഖേദം പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്. തെറ്റായ ഒരു നടപടി കാരണം കുറച്ചധികം ആളുകളുടെ ജോലിയെ ബാധിച്ചിട്ടുണ്ടെന്നും, എത്രയും പെട്ടെന്ന് പോരായ്മ പരിഹരിക്കുന്നതെന്നും ജർമാൻ ട്വിറ്ററിൽ പറഞ്ഞു.