ഭക്ഷ്യ വിഷബാധമൂലം സംസ്ഥാനത്ത് ഓരോ മരണവും സംഭവിക്കുമ്പോൾ മാത്രമാണ് അധികാരികൾക്ക് അൽപമെങ്കിലും ചൂടുപിടിക്കുന്നത്. അതിന്റെ മറവിൽ നടത്തുന്ന കർശന പരിശോധനകളെല്ലാം വെറും പ്രഹസനങ്ങൾ മാത്രമാണ് ഇതുണ്ടാകാം തന്നെ വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ ഏറ്റവും ഒടുവിലായി ഭക്ഷ്യവിഷബാധ നഴ്‌സ് രശ്‌മിരാജിന്റെ ജീവൻ കവർന്നപ്പോൾ നഷ്ടം ആ കുടുംബത്തിന് മാത്രമാവുകയാണ്. രശ്മിയുടെ വേർപാട് താങ്ങാനാവാതെ പാടത്തിനരികിലെ ആ കൊച്ചുവീട്ടിൽ ഇനിയും തേങ്ങലുകൾ അടങ്ങുന്നില്ല. ആ കുടുംബത്തിന്റെ അത്താണിയും ഏക പ്രതീക്ഷയും. അവളിനി തിരിച്ചു വരുത്തില്ലെന്ന സത്യം ഉൾകൊള്ളാൻ ആ കുടുംബത്തിന്റെ മനസ്സ് ഇനിയും പാകപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത.
‘‘ആശുപത്രിയിൽ ചെല്ലുമ്പോഴും ഇറങ്ങുമ്പോഴും ഒക്കെ വിളിക്കുമായിരുന്നു. ഉടനെ ഹെഡ് നഴ്‌സ് ആകും, നമുക്ക് കുറച്ച് സ്‌ഥലം വാങ്ങണം, എന്നൊക്കെ പറയും. ഒത്തിരി മോഹങ്ങളുണ്ടായിരുന്നു അവൾക്ക്. പോയില്ലേ എന്റെ കൊച്ച് ’’- അമ്മ അംബികയുടെ കണ്ണീരിന് മറുപടിപറയാൻ ആർക്കും കഴിയുന്നില്ല. രശ്‌മിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളും നാട്ടുകാരുമെല്ലാം അവസാനമായി കാണാൻ അവിടെയെത്തി. നാലുമാസം മുമ്പായിരുന്നു രശ്‌മിയുടെ വിവാഹം.
ഭർത്താവ് തിരുവനന്തപുരം സ്വദേശി വിനോദ്‌കുമാർ ഇലക്‌ട്രീഷ്യനാണ്. പുതിയ ജീവിതം സന്തോഷത്തോടെ തുടങ്ങിയതേയുള്ളു. എട്ടുവർഷമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചിട്ട്. അസ്ഥിരോഗ തീവ്രപരിചരണ വിഭാഗത്തിലെ നഴ്‌സിങ് ഓഫീസറായിരുന്നു.
സഹോദരൻ വിഷ്‌ണുരാജ് മർച്ചന്റ് നേവിയുമായി ബന്ധപ്പെട്ട കോഴ്‌സ് പൂർത്തിയാക്കിയശേഷം ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നു. രശ്‌മിയുടെ വരുമാനമായിരുന്നു ആ കുടുംബത്തിന്റെ വലിയ ആശ്രയം.
ഒരുമാസം മുമ്പ് വീടിന്റെ അറ്റകുറ്റപ്പണി തുടങ്ങിവെച്ചതാണ്. പൂർത്തിയാക്കിയിട്ടില്ല. വയറിങ്ങും പ്ലംബിങ്ങും ബാക്കിയുണ്ട്. അമ്മ അംബിക ജില്ലാ ആശുപത്രിയിൽ നഴ്‌സിങ് അസിസ്‌റ്റന്റായാണ് വിരമിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്‌റ്റ്‌മോർട്ടം നടപടി പൂർത്തിയായത്. തുടർന്ന് അവിടെ പൊതുദർശനത്തിനുവെച്ചു. അതിനുശേഷമാണ് തിരുവാർപ്പ് കിളിരൂരിലെ പാലത്തറ വീട്ടിലെത്തിച്ചത്. നാലുമണിയോടെയായിരുന്നു സംസ്കാരച്ചടങ്ങുകൾ.
Leave a Reply