ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: സ്റ്റോക്ക്പോർട്ടിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗി വിഷപദാർത്ഥം ഉള്ളിൽ ചെന്ന് മരിച്ചു. ഓൺലൈനിൽ നിന്ന് ഓർഡർ ചെയ്താണ് വിഷം വാങ്ങിയതെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ഓൺലൈൻ ബ്ലോഗ്ഗർ ബെത്ത് മാത്യൂസ് (26) എന്ന യുവതിയാണ് പ്രോട്ടീൻ പൗഡർ എന്ന വ്യാജേനെ വിഷം കഴിച്ചു മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നിരവധി ഫോളോവേഴ്‌സ് ഉള്ള ബെത്ത് കോൺവാൾ സ്വദേശിയായിരുന്നു. കേസിൽ കോടതിയിൽ വാദം നടന്നപ്പോൾ ബെത്ത് അങ്ങനെ ചെയ്യില്ലെന്നും ജീവിതത്തിലേക്ക് ആളുകളെ മടക്കി കൊണ്ടുവരാൻ ആയിരുന്നു അവൾക്ക് ഇഷ്ടമെന്നും പരാമർശം ഉണ്ടായി.

വിഷാശം ഉള്ളിൽ ചെന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 21 ന് പാരമെഡിക്കുകളെ വിളിച്ചെന്നു കോടതിയിൽ അറിയിച്ചിട്ടുണ്ട്. പോസ്റ്റൽ മാർഗം എത്തിയ ഒരു ഭക്ഷണം ബെത്ത് കഴിച്ചെന്നും, അതെ തുടർന്ന് ബോധരഹിത ആയെന്നും പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെന്നും, അവിടെ വെച്ചാണ് മരണം നടന്നതെന്നും അസിസ്റ്റന്റ് കോറോണർ ആൻഡ്രൂ ബ്രിഡ്ജ്മാൻ കോടതിയെ അറിയിച്ചു. ആശുപത്രിയിലെ നിയമം അനുസരിച്ചു പുറത്ത് നിന്ന് ഭക്ഷണം കൊണ്ടുവന്നു കഴിക്കുന്നതിനു തടസം ഒന്നുമില്ല. അവിടുത്തെ സ്റ്റാഫിന്റെ മേൽനോട്ടത്തിലാണ് ബെത്ത് ഭക്ഷണം കഴിച്ചത്. എന്നാൽ അതിൽ വിഷം അടങ്ങിയിട്ടുണ്ടെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം, ബെത്തിന്റെ അമ്മ ജെയിനിന്റെ മൊഴിയും കോടതിയിൽ രേഖപ്പെടുത്തി. തന്റെ മകൾ മിടുക്കി ആയിരുന്നു എന്നും, മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതായിരുന്നു അവളുടെ പ്രധാന പരിപാടിയെന്നും അമ്മ പറഞ്ഞു. ‘സ്പോർട്സിനോട് വല്ലാത്ത താല്പര്യം ഉണ്ടായിരുന്നു. റേസിംഗ് അവളുടെ ജീവവായു ആയിരുന്നു.15-ാം വയസ്സിൽ കഠിനമായ ഫാസ്റ്റ്‌നെറ്റ് റേസ് പൂർത്തിയാക്കി. 15 -മത്തെ വയസ്സിലെ ആത്മഹത്യാ ശ്രമത്തിന് ശേഷമാണ് മാനസിക ആരോഗ്യത്തെ കുറിച്ച് ബ്ലോഗ് ചെയ്യാൻ തുടങ്ങിയത് ‘- അമ്മ പറഞ്ഞു.