ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നേഴ്സുമാർ നടത്തുന്ന സമരം വ്യാപിപ്പിക്കാൻ ഒരുങ്ങി യൂണിയനുകൾ. സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ നേഴ്സുമാർ സമരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്. ഈ മാസം ഒടുവിൽ നടക്കുന്ന ചർച്ചകളിലാണ് യൂണിയൻ പ്രതീക്ഷവെക്കുന്നത്. അതേസമയം ചർച്ചകളിൽ പുരോഗതി ഇല്ലെങ്കിൽ യൂണിയന്റെ ഭാഗമായ മുഴുവൻ ജീവനക്കാരെയും അണിനിരത്തുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്‌സിംഗ് അധികൃതർ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പണിമുടക്ക് ദിവസങ്ങളിൽ മന്ത്രിമാർ പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ഇത്. ഇംഗ്ലണ്ടിലെ ഏകദേശം 70-ലധികം എൻഎച്ച്എസ് ട്രസ്റ്റുകളിൽ ജോലി ചെയ്യുന്ന നേഴ്‌സിംഗ് സ്റ്റാഫുകളിൽ ബഹുഭൂരിപക്ഷവും പണിമുടക്കിൽ പങ്കുചേരും. ഈ വർഷം നേഴ്‌സുമാർക്ക് കുറഞ്ഞത് 5% ശമ്പള വർദ്ധനവ് ലഭിക്കണമെന്നാണ് ആർ സി എൻ പറയുന്നത്. പണപ്പെരുപ്പം അനുദിനം വർധിക്കുന്നതിനിടയിൽ ജീവനക്കാർക്ക് അർഹമായ വേതനം ലഭ്യമാകണമെന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം യൂണിയൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ താങ്ങാനാകാത്തതാണെന്നും ശമ്പള വർദ്ധനവ് തീരുമാനിക്കുന്നത് സ്വതന്ത്രമായ ശമ്പളപരിശോധന സമിതികളാണെന്നുമാണ് സർക്കാർ പറയുന്നത്.

സമരത്തിനോടുള്ള പ്രധാനമന്ത്രി റിഷി സുനാക്കിന്റെ നിലപാട് അമ്പരപ്പിക്കുന്നതാണെന്ന് ജീവനക്കാരുടെ യൂണിയന്റെ ജനറൽ സെക്രട്ടറി പാറ്റ് കുള്ളൻ പറഞ്ഞു. ജീവനക്കരോടും അവരുടെ ആവശ്യങ്ങളോടും പ്രധാനമന്ത്രി അനുഭാവപൂർവ്വം ഇടപെടണമെന്ന് സെക്രട്ടറി കൂട്ടിച്ചേർത്തു. കൂടുതൽ നഴ്സുമാർ സമരത്തിൽ പങ്കെടുക്കുന്നതിലൂടെ വിഷയത്തോടുള്ള സർക്കാർ മനോഭാവം മാറുമെന്നും, അനുകൂലമായ നടപടി ഉണ്ടാകുമെന്നുമാണ് യൂണിയൻ കരുതുന്നത്.