ഗോവധം അവസാനിച്ചാല്‍ ലോകത്തെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ഗുജറാത്ത് ജഡ്ജി. പശുക്കടത്തിന് അറസ്റ്റിലായ മുഹമ്മദ് അമീന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചുകൊണ്ടാണ് ഗുജറാത്തിലെ താപി ജില്ലാ കോടതിയിലെ ജഡ്ജി സമീര്‍ വിനോദ്ചന്ദ്ര വ്യാസിന്റെ പരാമര്‍ശം.
കഴിഞ്ഞ നവംബറില്‍ വന്ന വിധി ഇപ്പോഴാണ് ചര്‍ച്ചയായത്. 22-കാരനായ മുഹമ്മദ് അമീന് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ലോകത്തിലെ പ്രശ്‌നങ്ങളുടെ മുഴുവന്‍ കാരണവും പശുക്കടത്തും ഗോവധവുമാണെന്ന പ്രസ്താവനയും ജഡ്ജി നടത്തി.
‘പശുവിന്റെ ഒരുതുള്ളി രക്തം വീഴാത്ത ദിവസം ഭൂമിയിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ അവസാനിക്കും. മനുഷ്യരില്‍ കോപവും ദേഷ്യവും വര്‍ധിക്കുന്നത് പശുക്കളെ കൊല്ലുന്നതിനാലാണ്. പശുക്കളുടെ സന്തോഷം നഷ്ടമാകുമ്പോള്‍ സമ്പത്തും സ്വത്തും നഷ്ടമാകും’ -ജഡ്ജി പറഞ്ഞു. വിധിയില്‍ പാല്‍, തൈര്, നെയ്യ്, ചാണകം, ഗോമൂത്രം എന്നിവയെ പ്രശംസിക്കുന്നുണ്ട്.
16 പശുക്കളെ കടത്തിയ കേസിനാണ് അമീന്‍ 2020-ല്‍ അറസ്റ്റിലായത്. പശുക്കള്‍ക്ക് ഇരിക്കാനും ഭക്ഷണത്തിനും വെള്ളത്തിനും സൗകര്യമില്ലാത്തതിനാലായിരുന്നു അറസ്റ്റ്. ഗുജറാത്തിഭാഷയിലാണ് കോടതിയുത്തരവ് പുറത്തിറങ്ങിയത്.
Leave a Reply