ബലാത്സംഗ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ മുന്‍ പോലീസ് ഓഫീസര്‍ രണ്ട് ദശകങ്ങള്‍ക്ക് മുന്‍പ് തന്നെ ബലാത്സംഗം ചെയ്തതായി വെളിപ്പെടുത്തി വനിതാ മെറ്റ് പോലീസ് ഓഫീസര്‍ കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. പോലീസ് സേനയില്‍ നിലനിന്ന ‘നിശബ്ദതാ’ സംസ്‌കാരം മൂലം ആരും തന്നെ വിശ്വസിക്കില്ലെന്ന് ഭയന്നാണ് സംഭവം നടന്നതിന് പിന്നാലെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും ഇവരെ പിന്തിരിപ്പിച്ചത്. ഐഡന്‍ഡിറ്റി സംരക്ഷിക്കാനായി മിഷേല്‍ എന്നുമാത്രം വിളിക്കുന്ന ഈ ഓഫീസറെ 2004-ലാണ് കാരിക്ക് തന്റെ വീട്ടില്‍ വെച്ച് ബലാത്സംഗത്തിന് ഇരയാക്കിയത്. മറ്റൊരു ബലാത്സംഗ കേസില്‍ കുറ്റം ചുമത്തിയ 2021 വരെ ഈ ഓഫീസര്‍ വിവരം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

ഇരകള്‍ കോടതിക്ക് മുന്നില്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചപ്പോള്‍ കേട്ടിരുന്ന ജഡ്ജിമാര്‍ മാത്രമല്ല, ബ്രിട്ടന്‍ മുഴുവുമാണ് ഞെട്ടിയത്. 12 സ്ത്രീകള്‍ക്ക് എതിരായ നിരവധി കുറ്റകൃത്യങ്ങളില്‍ ലണ്ടന്‍ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ ഡേവിഡ് കാരിക്കിനെ ‘ഭീകരന്‍’ എന്നു വിശേഷിപ്പിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് നടത്തിയിട്ടുള്ളത്.

ബ്രിട്ടനിലെ ഏറ്റവും ക്രൂരനായ ലൈംഗിക കുറ്റവാളികളില്‍ ഒരാളെന്ന് കാരിക്ക് കുപ്രശസ്തി നേടിക്കഴിഞ്ഞു. ഒരു സ്ത്രീയുടെ തലയ്ക്ക് നേരെ തോക്ക് ചൂണ്ടിയ ശേഷം കാരിക്ക് തുടര്‍ച്ചയായി ബലാത്സംഗം ചെയ്തെന്നും, മറ്റൊരു ഇരയ്ക്ക് നേരെ പോലീസ് ബാറ്റണ്‍ ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കോടതിയില്‍ വിശദമാക്കപ്പെട്ടു. മറ്റൊരു ഇരയ്ക്ക് യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം അയച്ചുകൊടുത്ത കാരിക്ക് താനാണ് ബോസെന്ന് ഓര്‍മ്മിക്കാനും ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടന്‍ കണ്ട ഏറ്റവും ക്രൂരന്‍മാരായ ബലാത്സംഗ കുറ്റവാളികളില്‍ ഒരാളാണ് 48-കാരനായ മുന്‍ പോലീസ് ഓഫീസറെന്ന് രാജ്യം തിരിച്ചറിഞ്ഞത്. ഡസന്‍ കണക്കിന് സ്ത്രീകള്‍ക്ക് എതിരെ 49 കുറ്റകൃത്യങ്ങളാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. ഇതില്‍ 24 ബലാത്സംഗ കേസുകളും ഉള്‍പ്പെടുന്നു. 2003 മുതല്‍ 2020 വരെ പോലീസില്‍ സേവനം നല്‍കവെയാണ് ഈ കുറ്റകൃത്യങ്ങള്‍ ചെയ്തുകൂട്ടിയത്. 17 വര്‍ഷക്കാലം നീണ്ട പീഡന പരമ്പരയില്‍ കാരിക്ക് തന്റെ വലയില്‍ വീഴുന്ന സ്ത്രീകള്‍ എന്ത് കഴിക്കണം, ആരോട് സംസാരിക്കണം എന്നീ കാര്യങ്ങള്‍ വരെ നിയന്ത്രിച്ചിരുന്നു. തന്റെ വീട്ടിലെ സ്റ്റെയറിന് കീഴിലെ കബോര്‍ഡില്‍ സ്ത്രീകളെ നഗ്നരാക്കി പത്ത് മണിക്കൂര്‍ വരെ അടച്ചിട്ടും ഇയാള്‍ ക്രൂരത കാണിച്ചിരുന്നു. ഒന്‍പത് തവണ പരാതി ലഭിച്ച ശേഷമാണ് കാരിക്കിനെതിരെ നടപടിയെടുക്കാന്‍ തയ്യാറായത്.