ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചില ഉൽപ്പന്നങ്ങൾക്ക് ദൗർലഭ്യം നേരിടുന്നതിനാൽ വിൽപ്പനയ്ക്ക് പരിധി ഏർപ്പെടുത്തി സൂപ്പർമാർക്കറ്റുകൾ. പ്രധാനമായും പഴങ്ങൾക്കും പച്ചക്കറികൾക്കുമാണ് ദൗർലഭ്യം നേരിടുന്നത്. നിലവിൽ അസ്ഡ, മോറിസൺസ് എന്നീ സൂപ്പർമാർക്കറ്റുകളാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരു ഉപഭോക്താവിന് തക്കാളി, കുരുമുളക്, ചീര തുടങ്ങിയ ഇനങ്ങളുടെ വിൽപ്പനക്ക് പരിധി നിശ്ചയിച്ചതായി അസ്ഡ അറിയിച്ചു. ചൊവ്വാഴ്ച മുതൽ കടകളിൽ വെള്ളരിക്കാ പോലുള്ള ഉൽപ്പന്നങ്ങൾക്കും പരിധി ഏർപ്പെടുത്തുമെന്ന് മോറിസൺസ് പറഞ്ഞു. അതേസമയം ടെസ്‌കോ, സെയിൻസ്‌ബറി, ലിഡ്‌ൽ, ആൽഡി, വെയ്‌ട്രോസ്, മാർക്ക്സ് & സ്പെൻസർ എന്നിവ ഇതുവരെ നിയന്ത്രണങ്ങൾ ഒന്നും തന്നെ കൊണ്ടു വന്നിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ചില സാധനങ്ങൾ വാങ്ങാൻ എത്തിയ ആളുകൾ വെറും കയ്യോടെ മടങ്ങേണ്ടി വന്നതിനെ തുടർന്നാണ് വാർത്ത പുറത്തു വരുന്നത്. ഇതേ തുടർന്ന് ശൂന്യമായ സൂപ്പർമാർക്കറ്റ് ഷെൽഫുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വെള്ളപ്പൊക്കവും മഞ്ഞും ആലിപ്പഴ വീഴ്ചയുമാണ് വിളവെടുപ്പിനെ പ്രധാനമായും ബാധിച്ചത്. സ്പെയിനിലെയും വടക്കേ ആഫ്രിക്കയിലെയും തീവ്രമായ കാലാവസ്ഥയുടെ ഫലമായുണ്ടായ ക്ഷാമം അയർലണ്ടിനെയും സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. യുകെ ഉപയോഗിക്കുന്ന സാധനങ്ങളുടെ പകുതിയിലധികവും ഈ പ്രദേശങ്ങളിൽ നിന്നാണ് വരുന്നത്. നിലവിലെ പ്രതിസന്ധി ആഴ്ചകൾ നീണ്ടു നിൽക്കുമെന്ന് ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യം ഔദ്യോ​ഗിക പ്രതിനിധികൾ ഫറഞ്ഞു.

തക്കാളി, കുരുമുളക്, ചീര എന്നിവയ്‌ക്കൊപ്പം സാലഡ് ബാഗുകൾ, വെള്ളരി, ബ്രൊക്കോളി, കോളിഫ്‌ളവർ, റാസ്‌ബെറി പന്നറ്റ് എന്നിവയുടെ വിൽപ്പനയും പരിമിതപ്പെടുത്തുന്നതായി ഇതിനോടകം തന്നെ പ്രമുഖ സൂപ്പർ മാർക്കറ്റ് ബ്രാൻഡായ അസ്‌ഡ പറഞ്ഞു. വെള്ളരിക്കാ, തക്കാളി, ചീര, കുരുമുളക് എന്നിവയുടെ വിൽപ്പനെയാണ് നിലവിലെ പ്രതിസന്ധി ബാധിച്ചിരിക്കുന്നത്. ശൈത്യകാലത്ത് യുകെ തക്കാളിയുടെ 95% ഉം ചീരയുടെ 90% ഉം ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ കൂടുതലും ബി ആർ സി നിർദ്ദേശത്തെ തുടർന്ന് സ്പെയിനിൽ നിന്നാണ്.