ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുകെയിലെ ആംഗ്ലിയ റസ്കിൻ യൂണിവേഴ്‌സിറ്റി യൂണിയനിലേക്ക് കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിൽ മലയാളികളായ മൂന്നുപേർ വിജയിച്ചു. പ്രസിഡന്റ്, അഞ്ച് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആണ് മലയാളികൾ ആയ വിദ്യാർഥികൾ തെരഞ്ഞെടുത്തിരിക്കുന്നത്. വൈസ് പ്രസിഡന്റുമാരായി മലയാളികളായ നിതിൻ രാജ്, ആര്യ ഷാജി, നീലിമ മുരളീധരൻ മേനോൻ എന്നിവരാണ് ജയിച്ചിരിക്കുന്നത്. നിതിൻ രാജ് രണ്ടാം തവണയാണ് യുണിയൻ തെരഞ്ഞെടുപ്പിൽ ഭാരവാഹി ആക്കുന്നത്. വലിയ ഭൂരിപക്ഷത്തിൽ ആണ് നിതിൻ രാജ് വിജയിച്ചത്.

കേംബ്രിജ്, ചെംസ്‌ഫോർഡ്, പീറ്റർബറോ, ലണ്ടൻ എന്നിവിടങ്ങളിൽ ക്യാംപസുകൾ ഉണ്ട്. ഇവിടെയുള്ള ആംഗ്ലിയ റസ്കിൻ യൂണിവേഴ്‌സിറ്റിയിലെ മുപ്പതിനായിരത്തിലധികം വിദ്യാർഥികളെയാണ് ഇവർ മൂന്നുപേരും പ്രതിനിധീകരിക്കുന്നത്. ഇവരെ കൂടാതെ ഇന്ത്യയിൽ നിന്നുള്ള മറ്റു ചില വിദ്യാർഥികളും തൊരഞ്ഞെടുപ്പിൽ വിജിച്ചിട്ടുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് മുനീബ് ഇക്ബാൽ (പാക്കിസ്ഥാൻ) വൈസ് പ്രസിഡന്റുമാരായി അഡോറ സിഖീറിയ (ഗോവ), ഷർമീൻ ജാവദ് (പാക്കിസ്ഥാൻ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു വർഷമാണ് ഇവരുടെ കാലാവധി. ഇവർക്ക് ശമ്പളം ഉൾപ്പെടെ മികച്ച അനുകൂല്യങ്ങളാണ് യൂണിവേഴ്സിറ്റി നൽകുന്നത്. കൂടാതെ വിദ്യാർത്ഥി വിസയിൽ ആണ് എത്തുന്നതെങ്കിൽ ഇവർക്ക് ഒരു വർഷത്തേയ്ക്ക് വിസ നീട്ടി നൽകുകയും ചെയ്യും.

നിതിൻ രാജ്

നിതിൻ രാജ് ഇത്തവണ വിദ്യാർത്ഥി അല്ലാതിരിക്കെ വീണ്ടും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു. 2024 സെപ്റ്റംബർ വരെ നിതിന്റെ വിസയുടെ കാലാവധി നീട്ടും. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എംകോം പൂർത്തിയാക്കിയ നിതിൻ സ്റ്റുഡന്റ് വിസയിൽ 2021 ലാണ് യുകെയിൽ എത്തുന്നത്. യൂണിവേഴ്സിറ്റിയിൽ സപ്ലൈ ചെയിൻ മാനേജ്‌മെന്റിൽ എം.എസ്‌സി പൂർത്തിയാക്കി. ക്യാംപസ് പ്ലേസ്മെന്റ് വഴി ലണ്ടനിൽ ജോലി ലഭിച്ചു. കഴിഞ്ഞ വർഷം നിതിൻ ആദ്യമായി വിജയിക്കുന്നത് അഞ്ചോളം മലയാളികൾ ഉൾപ്പെടെയുള്ള എട്ട് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ്.

ആര്യ ഷാജി

വൈസ് പ്രസിഡന്റായി വിജയിച്ച ആര്യ ഷാജി 936 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയുടെ കേംബ്രിജ് ക്യാംപസിൽ എംഎസ്‌സി ഇന്റർനാഷനൽ ബിസിനസ് വിദ്യാർത്ഥിനിയാണ് ആര്യ. വയനാട് ഒറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിൽ നിന്നും ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം നേടിയ ആര്യ 2022 സെപ്റ്റംബറിലാണ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനത്തിനായി എത്തിയത്. മുൻ പരിചയം ഇല്ലാതെയാണ് ആര്യ യുകെയിലെ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിത്വം ഏറ്റെടുത്തിരിക്കുന്നത്. കോട്ടയം പുത്തൻപള്ളി സ്വദേശിനിയാണ്. ഡൽഹിയിൽ ജോലി സംബന്ധമായി താമസിക്കുന്ന ഷാജി പി ദാമോദരൻ, സരസമ്മ ഷാജി എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ അഭി

നീലിമ എം മേനോൻ

വൈസ് പ്രസിഡന്റായി വിജയിച്ച നീലിമ എം മേനോൻ 2021 സെപ്റ്റംബറിലാണ് ആംഗ്ലിയ റസ്കിനിൽ വിദ്യാർഥിനിയായി എത്തുന്നത്. വിദ്യാർഥികളുടെ വിദ്യാഭ്യാസ സംബന്ധമായ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ യൂണിയനെ കൂടുതൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം വെക്കുന്നതെന്ന് നിലീമ പറഞ്ഞു.