ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെയിലെ രോഗികളെ വീട്ടിലെത്തി ചികിത്സിക്കാനുള്ള വെർച്വൽ വാർഡ് എന്ന നൂതന പദ്ധതിയുമായി ഇന്ത്യൻ വംശജയായ നേഴ്സ് രംഗത്ത്. ആശുപത്രിയിലെ പരിചരണത്തിന് സമാനമായ രീതിയിലെ സംവിധാനങ്ങളാണ് ഇതിലൂടെ ഒരുക്കുന്നത്. യുകെയുടെ സ്റ്റേറ്റ് ഫണ്ടഡ് നാഷണൽ ഹെൽത്ത് സർവീസിൽ (എൻഎച്ച്എസ്) ജോലി ചെയ്യുന്ന മെഴ്‌സി കെയറിന്റെ ക്ലിനിക്കൽ ടെലിഹെൽത്ത് ഹബ്ബിലെ ടീം ലീഡർ നേഴ്‌സ് നിഷ ജോസാണ് പദ്ധതിക്ക് പിന്നിൽ. പുതിയ എൻഎച്ച്എസ് സ്കീമിൽ ഇപ്പോൾ ഇംഗ്ലണ്ടിലുടനീളമുള്ള 340-ലധികം വെർച്വൽ വാർഡ് പ്രോഗ്രാമുകൾ ഉൾപ്പെടുന്നുണ്ട്. ആകെയുള്ള 7,653 വെർച്വൽ ബെഡുകളും ഡോക്ടർമാരുടെ നിയന്ത്രണത്തിലാണ് നിലവിൽ.
‘ഞങ്ങളുടെ വെർച്വൽ വാർഡ് പ്രോഗ്രാം ഉപയോഗിച്ച്, ഒരു ആശുപത്രി വാർഡിൽ സംഭവിക്കുന്നതെല്ലാം ഇവിടെയും ചെയ്യാൻ കഴിയും. മറ്റ് പ്രശ്‌നങ്ങൾ എന്തെങ്കിലും ഉള്ള പക്ഷം പരിഹരിക്കുവാൻ ഓരോ ആറ് മണിക്കൂറിലും നിരീക്ഷണം ചെയ്യുകയും, ഇ സി ജി പോലുള്ള പരിശോധനകൾ വീട്ടിലെത്തി ചെയ്യുന്നുമുണ്ട്’- നിഷ ജോസ് പറയുന്നു. മെർസി കെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് നടത്തുന്ന ടെലിഹെൽത്ത് ടീമിന്റെ നേതൃത്വത്തിൽ, സി.ഒ.പി.ഡി, പ്രമേഹം, ഹൃദയസ്തംഭനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന 2,000 -ത്തിലധികം രോഗികൾക്ക് പരിചരണം നൽകുന്നുണ്ട്.
ഏറ്റവും പുതിയ ഡേറ്റ അനുസരിച്ച്, കഴിഞ്ഞ വർഷം എൻഎച്ച്എസ് വെർച്വൽ വാർഡുകളിൽ 100,000-ത്തിലധികം രോഗികൾക്ക് ചികിത്സ ലഭിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ മാത്രം 16,000 രോഗികളെ ചികിത്സിച്ചിട്ടുണ്ട്. വെർച്വൽ വാർഡ് സ്കീം രോഗികൾക്ക് സുരക്ഷിതമായും പരിചിതമായ ചുറ്റുപാടുകളിലും ഹോസ്പിറ്റൽ ലെവൽ കെയർ ലഭിക്കാൻ അവസരം നൽകുന്നു. അർഹരായ രോഗികൾക്ക് ചികിത്സയുടെ ഭാഗമായുള്ള അനുബന്ധ ഉപകരണങ്ങളും ഇതിലൂടെ ലഭ്യമാക്കുന്നുണ്ട്. വീട്ടിലെ ആശുപത്രി എന്നുള്ള നിലയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും മികച്ച ചികിത്സ രോഗികൾക്ക് ലഭ്യമാകാണമെന്നുള്ളതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
Leave a Reply