മുസ്ലീം പള്ളിയില്‍ നിന്നും മടങ്ങിയ പുരുഷനെ തീകൊളുത്തിയ സംഭവത്തില്‍ തീവ്രവാദ അന്വേഷണത്തിന് ഉത്തരവിട്ട് പോലീസ്. രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ തമ്മില്‍ ബന്ധമുള്ളതായ സംശയത്തിലാണ് അന്വേഷണം. ഇരയുടെ ദേഹത്തേക്ക് അജ്ഞാത വസ്തു സ്പ്രേ ചെയ്ത ശേഷമാണ് ജാക്കറ്റിന് തീകൊളുത്തിയതെന്ന് വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കി. തീ ആളിപ്പടരുമ്പോള്‍ അക്രമി റോഡിന്റെ മറുഭാഗത്തേക്ക് കടന്ന് നടന്നുപോകുകയും ചെയ്തു. തീ പടരുന്നത് കണ്ട മറ്റ് വഴിപോക്കരാണ് ഓടിയെത്തി ഇരയെ സഹായിച്ചത്. ഇവര്‍ തീകെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി വെസ്റ്റ് മിഡ്ലാന്‍ഡ്സ് പോലീസ് പറഞ്ഞു. അതേസമയം വെസ്റ്റ് ലണ്ടനില്‍ സമാനമായ രീതിയില്‍ പള്ളിയില്‍ നിന്നും മടങ്ങിയ 82-കാരനെയും തീകൊളുത്തി.
ഈ സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ പോലീസ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നാലെ അന്വേഷണം നടത്തിയ പോലീസ് സംഘമാണ് എഡ്ജ്ബാസ്റ്റണില് നിന്നും അക്രമിയെ അറസ്റ്റ് ചെയ്തത്. ഇരയ്ക്ക് തീകൊളുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. രാത്രി 7 മണിയോടെ എഡ്ജ്ബാസ്റ്റണില് നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഇദ്ദേഹം. പരുക്കേറ്റ വ്യക്തിയെ അടുത്തുണ്ടായിരുന്നവര്‍ തീകെടുത്തി രക്ഷപ്പെടുത്തി. മുഖത്തിന് പൊള്ളലേറ്റ നിലയിലാണ് ഇരയെ ആശുപത്രിയിലെത്തിച്ചത്. വെസ്റ്റ് ലണ്ടനില്‍ ഈലിംഗിലെ സിംഗപ്പൂര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ് ലണ്ടന്‍ ഇസ്ലാമിക് സെന്ററില്‍ നിന്നും പുറത്തുവന്ന വ്യക്തിയെയാണ് തീകൊളുത്തിയതെന്ന് മെട്രോപൊളിറ്റന്‍ പോലീസ് വ്യക്തമാക്കിയിരുന്നു.
Leave a Reply