പിഞ്ചുകുഞ്ഞിന്റെ മാതാവ് കൂടിയായ യുവതിയെ പന്തളത്തെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കടയ്ക്കാട് സ്വദേശിനി ഉമൈറ ഉമ്മുകുട്ടിയെന്ന യുവതിയെയാണ് 2023 ഫെബ്രുവരി 14 ന് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്.
അന്നുതന്നെ സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കായംകുളം സ്വദേശിയായ യുവാവും ഉമൈറയും തമ്മിലുള്ള വിവാഹം 2021 ജൂലൈ പതിനഞ്ചിനാണ് നടന്നത്. ഒന്നര വർഷത്തിന് ശേഷം ഒരു കുഞ്ഞും ജനിച്ചു.
എന്നാൽ, കുട്ടിയുടെ നൂല് കെട്ടിന് തലേദിവസം രാത്രി ഭർത്താവ് ഉമൈറയെ ഉപദ്രവിക്കുകയായിരുന്നു. കൂടാതെ, തലാഖ് ചൊല്ലിയതായും ബന്ധുക്കൾ പറയുന്നു. പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷം ഭർത്താവ് വീട്ടിലേക്ക് കൊണ്ടുപോയെന്നും ഉമൈറയെ പിന്നീട് സ്വന്തം വീട്ടിലേക്ക് വിട്ടിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.
അതേസമയം, ഉമൈറ മരിച്ച ദിവസം അസുഖം ആണെന്നാണ് ഭർതൃവീട്ടുകാർ ആദ്യം തങ്ങളെ വിളിച്ച് അറിയിച്ചതെന്നും പിന്നീടാണ് തൂങ്ങി മരിച്ചെന്ന് പറഞ്ഞതെന്നും കുടുംബം വെളിപ്പെടുത്തുന്നു.
തങ്ങൾ ആശുപത്രിയിലെത്തിയപ്പോൾ ഉമൈറ വെന്റിലേറ്ററിൽ ആയിരുന്നെന്നും ആശുപത്രിയിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് ഭർതൃവീട്ടുകാർ പറഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിഞ്ഞ അന്ന് മുതൽ ഭർത്താവും വീട്ടുകാരും ഉമൈറയെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഉമൈറയുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Leave a Reply