അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.പ്രതിയായ ഭർത്താവ് ബിജേഷ് തമിഴ് നാട് അതിർത്തിയിൽ നിന്നാണ് ഇയാളെ കുമളി സിഐയുടെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. കഴിഞ്ഞ 6 ദിവസമായി ഇയാൾ ഒളിവിലായിരുന്നു.
പ്രീ പൈമറി അദ്ധ്യാപികയായ അനുമോളെ ഈ മാസം 21 നാണ് വീട്ടിലെ കിടുപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിൽ കട്ടിലിനിടയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകിയ ശേഷമായിരുന്നു പ്രതി ബിജേഷ് മുങ്ങിയത്.
കൊലപാതകത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലൊ അനുമോളിന്റെ മൊബൈൽ ഫോൺ കണ്ടെത്താനായിരുന്നില്ല. ഇതേ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തുന്നത്.
കൊലപാതകത്തിന് ശേഷം ഇയാൾ അനുമോളുടെ ഫോൺ വിറ്റ് പൈസയുമായാണ് മുങ്ങിയത്. കാഞ്ചിയാൾ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്കാണ് ഇയാൾ 5000 രൂപയ്ക്ക് ഫോൺ വിറ്റത്. ഈ ഫോൺ പൊലീസ് കണ്ടെത്തിയിരുന്നു. വിജേഷിന്റെ മൊബൈൽ ഉപേക്ഷിച്ച നിലയിൽ കുമളിയിൽ നിന്നും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കുടുംബ വഴക്കാണ് അനുമോളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കഴിഞ്ഞ ദിവസം ബിജേഷ് പോലീസിനോട് പറഞ്ഞിരുന്നു.മദ്യപിച്ച് വീട് നോക്കാതെ നടക്കുകയും സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും മറ്റൊരു ആവിശ്യത്തിന് അനുമോൾ പിരിച്ചെടുത്ത പണം ബിജേഷ് വാങ്ങി ചിലവാക്കിയത് അനുമോൾ ചോദ്യം ചെയ്യുകയും വഴക്കുണ്ടാകുകയും ചെയ്തിരുന്നു. നിരന്തരം മദ്യപിച്ചെത്തി ഉപദ്രവിച്ചതോടെ വനിതാ സെല്ലിൽ അനുമോൾ ബിജേഷിനെതിരെ പരാതി നൽകിയിരുന്നു.
മാർച്ച് പതിനൊന്നിനാണ് അനുമോൾ പരാതി നൽകിയത്. മാർച്ച് പന്ത്രണ്ടിന് ഇരുവരെയും പോലീസ് വിളിച്ച് വരുത്തി ചർച്ച നടത്തിയെങ്കിലും അനുമോളെ വേണ്ടെന്ന നിലപാടാണ് ബിജേഷ് സ്വീകരിച്ചത്. തുടർന്ന് കോടതിയെ സമീപിക്കാൻ വനിതാ സെല്ല് നിർദേശം നൽകുകയായിരുന്നു. അന്ന് വൈകിട്ട് അനുമോൾ വീട്ടിലെത്തിയപ്പോൾ വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അയൽക്കാർ ചേർന്നാണ് അനുമോൾക്ക് വീട് തുറന്ന് കൊടുത്തത്. എന്നാൽ അന്ന് ബിജേഷ് വെങ്ങാലൂർക്കടയിലുള്ള സ്വന്തം വീട്ടിലേക്ക് പോയി. അനുമോൾ മകളോടൊപ്പം രണ്ട് ദിവസം താമസിച്ചതിന് ശേഷം മാട്ടുക്കട്ടയിലുള്ള വല്യമ്മയുടെ വീട്ടിൽ പോയി.
മാർച്ച് പതിനേഴാം തീയതി ബിജേഷ് വീട്ടിലെത്തുകയും വീട് വൃത്തിയാക്കുകയും ചെയ്തു. പതിനെട്ടാം തീയതി സ്കൂൾ വാർഷികാഘോഷം നടക്കുന്നതിനാൽ അനുമോളും വല്യമ്മയുടെ വീട്ടിൽ നിന്നും വൈകിട്ടോടെ പേഴുംകണ്ടത്തെ വീട്ടിലെത്തി. അനുമോൾ എത്തുമ്പോൾ ബിജേഷ് വീട്ടിലുണ്ടായിരുന്നു. ഇരുവരും തമ്മിൽ വീണ്ടും വാക്ക് തർക്കമുണ്ടായി.
ബിജേഷുമായി തർക്കം നടക്കുമ്പോഴും സ്കൂളിലേക്ക് ആവശ്യമുള്ള കാര്യങ്ങൾ ഹാളിൽ ഇരുന്ന് എഴുതുകയായിരുന്നു അനുമോൾ. ഇതിനിടെ പ്രകോപിതനായ ബിജേഷ് അനുമോളുടെ പിന്നിലൂടെ ചെന്ന് ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ ചുറ്റി ശ്വാസം മുട്ടിച്ചു. മരണവെപ്രാളത്തിൽ അനുമോൾ മൂത്രവിസർജനം നടത്തി. തുടർന്ന് ഷാൾ പിന്നോട്ട് വലിച്ചപ്പോൾ കസേരയുൾപ്പടെ അനുമോൾ തലയിടിച്ച് തറയിൽ വീണു. അവിടെ നിന്നും വലിച്ചിഴച്ച് കിടപ്പ് മുറിയിൽ എത്തിച്ചു. വീണ്ടും ഷാൾ കഴുത്തിൽ മുറുകിയപ്പോൾ അനുമോൾ അനങ്ങിയെന്നും വെള്ളം കൊടുത്തെന്നും ബിജേഷ് പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
പിന്നീട് കട്ടിലിൽ കിടത്തിയതിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ബ്ലേഡ് ഉപയോഗിച്ച് കൈത്തണ്ട മുറിച്ചു. എന്നാൽ കുറച്ച് രക്തം മാത്രമേ വന്നുള്ളൂ അതിനുള്ളിൽ രക്തം കട്ടപിടിച്ചിരുന്നു. തുടർന്ന് ബിജേഷും ആത്മഹത്യ ചെയ്യാനുള്ള ശ്രമം നടത്തി. ഷാൾ ജനലിൽ കിട്ടിയതിന് ശേഷം കഴുത്തിൽ മുറുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ശ്വാസം മുട്ടുന്നതിനാൽ ശ്രമം ഉപേക്ഷിച്ചെന്നും ബിജേഷ് പോലീസിനോട് പറഞ്ഞു.
Leave a Reply