ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ജോലി സമ്മർദ്ദങ്ങളെ തുടർന്ന് എൻ എച്ച് എസ് നേഴ്സ് രാജിവെച്ചു. ട്വിറ്ററിലൂടെ ആയിരുന്നു പ്രഖ്യാപനം. തനിക്ക് ഇനി ജോലിയിൽ പ്രവേശിക്കാനാകില്ലെന്ന് പറഞ്ഞാണ് രാജി. എസെക്‌സിലെ സൗത്ത്-ഓൺ-സീയിലെ നേഴ്‌സായ മാറ്റ് ഓസ്‌ബോണാണ് രാജി വെച്ചത്. തുടർച്ചയായി മറ്റ് ജീവനക്കാർ രാജിവച്ചതും ജോലി സമ്മർദ്ദം കാരണം പലരും ജീവൻ അവസാനിപ്പിച്ചതും ഉൾപ്പെടെ രാജിക്ക് നിരവധി കാരണങ്ങൾ ഉണ്ടെന്നും ഓസ്‌ബോൺ പറഞ്ഞു. 19 വർഷമായി നേഴ്‌സായി ജോലി ചെയ്ത ആളാണ് ഓസ്‌ബോൺ. എന്നാൽ നേഴ്‌സുമാരുടെ എണ്ണം വർധിച്ചതായും ഓസ്‌ബോണിന്റെ ആരോപണം ശരിയല്ലെന്നും ജോലി ചെയ്യുന്ന സൗത്ത്‌ഹെൻഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ വക്താവ് പറഞ്ഞു.

ആശുപത്രി ഉൾപ്പെടുന്ന കൺസർവേറ്റീവ് സൗത്ത് എൻഡ് വെസ്റ്റ് എംപി അന്ന ഫിർത്തിനെ ടാഗ് ചെയ്‌താണ് ഓസ്‌ബോണിന്റെ ട്വീറ്റ്. അടിയന്തിര സേവന വിഭാഗം തകർന്നെന്നും ഇനി നിലനിൽപ്പില്ലെന്നും ട്വീറ്റിൽ പറയുന്നു. മോശം പരിചരണം എന്ന് പറയാൻ കഴിയില്ലെങ്കിലും, രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധത്തിന് മാറ്റം വന്നിട്ടുണ്ടെന്ന് ഓസ്ബോൺ കൂട്ടിചേർക്കുന്നു. ‘രോഗിയും നേഴ്സും തമ്മിലാണ് ഏറ്റവും അടുത്ത ബന്ധമുള്ളത്. അവരെ ഏറ്റവും നല്ല രീതിയിൽ പരിചരിക്കുന്നതും രോഗം സൗഖ്യമാകാൻ അക്ഷീണം പരിശ്രമിക്കുകയും ചെയ്യുന്നത് നേഴ്സുമാരാണ്. എന്നാൽ ആശുപത്രിയിൽ എത്തി മണിക്കൂറുകളോളം ചികിത്സ കിട്ടാതെ രോഗികൾ കുടുങ്ങി കിടക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. കിടക്ക ഇല്ലാതെ രോഗികൾ നിലത്തു കിടക്കേണ്ടുന്ന അവസ്ഥ ഭയാനകമാണ്’ – ട്വീറ്റിൽ ഓസ്‌ബോൺ പറയുന്നു.

എന്നാൽ, സർക്കാർ ഫണ്ടിംഗിൽ 8 മില്യൺ പൗണ്ട് ലഭിച്ചതിനാൽ എ ആൻഡ് ഇ വിഭാഗം വിപുലീകരിക്കുകയാണെന്ന് ആശുപത്രി അറിയിച്ചു. ഒരു വർഷം മുമ്പുള്ളതിനെ അപേക്ഷിച്ച് രാജ്യത്തുടനീളം 11,100 നേഴ്‌സുമാരുമാരെ കൂടുതലായി എൻഎച്ച്എസ് റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യ സാമൂഹിക പരിപാലന വകുപ്പും വ്യക്തമാക്കി. ‘ജീവനക്കാരുടെ ആരോഗ്യവും ക്ഷേമവും പരമപ്രധാനമാണ്, തൊഴിലിടങ്ങളിൽ സമ്മർദ്ദം നേരിടുക എന്നുള്ളത് ഇന്ന് നിത്യസംഭവമാണ്. മാനസിക ആരോഗ്യം ഉറപ്പ് വരുത്താനും, സമ്മർദ്ദം ഘട്ടം ഘട്ടമായി ഇല്ലാതാക്കാനും അടിയന്തിര പദ്ധതി നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.