കൊച്ചി പനങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. പനങ്ങോട് സ്വദേശി മണിയൻ, ഭാര്യ സരോജിനി, മകൻ മനോജ് എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മണിയൻ തൂങ്ങിമരിച്ച നിലയിലും മറ്റു രണ്ടുപേർ തലയ്ക്ക് അടിയേറ്റ നിലയിലുമായിരുന്നു കാണപ്പെട്ടത്.
ഇന്നു രാവിലെ എട്ടുമണിയോടെയാണ് കൂട്ടമരണം പുറംലോകമറിയുന്നത്. എറണാകുളം പഞ്ചായത്തിലെ കുമ്പളം പ്രദേശം കൂട്ടമരണത്തിൻ്റെ വാർത്തയറിഞ്ഞ് വളരെ ഞെട്ടലിലാണ്. ഗൃഹനാഥനായ മണിയന് 62 വയസ്സായിരുന്നു. ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യ സരോജിനിയും മകൻ മനോജും തലയ്ക്ക് അടിയേറ്റ് രക്തം വാർന്ന് മരിച്ച നിലയിലുമാണ് കാണപ്പെട്ടത്. ഇവരുടെ ശരീരത്തിൽ വെട്ടേറ്റ പാടുകളുമുണ്ടായിരുന്നു.
മരണം നടന്ന മുറി മുഴുവൻ രക്തം തളംകെട്ടി കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അയൽക്കാർ ഈ വിവരം അറിയുന്നത്. വീടിന് പുറത്ത് പതിവുപോലെ ആരെയും കാണാത്തതിനാൽ എന്താണ് കാര്യമെന്ന് അയൽക്കാർ തിരക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കാണ്ടത്. മൃതദേഹങ്ങൾ കാണപ്പെട്ടതിന് പിന്നാലെ അയൽക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. മരണകാരണം എന്താണെന്ന അന്വേഷണത്തിലാണ് പൊലീസ്. വീട്ടുകാർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നുള്ളത് സംബന്ധിച്ച് അയക്കാരുടെ മൊഴി എടുക്കുന്നുണ്ട്. മണിയൻ ഭാര്യയേയും മകനെയും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. അതേസമയം പുറത്തുനിന്നുള്ള ആർക്കെങ്കിലും മരണത്തിൽ പങ്കുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൂട്ടമരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തു വരുമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് വ്യക്തമാക്കി.