നാടിനെ നടുക്കിയ അട്ടപ്പാടി മധു വധക്കേസില്‍ 14 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. രണ്ടുപ്രതികളെ വെറുതെവിട്ടു. മനഃപൂര്‍വമല്ലാത്ത നരഹത്യ, പരിക്കേല്‍പ്പിക്കല്‍, എസ്.സി/എസ്.ടി. നിയമപ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞത്. അതേസമയം, 16-ാം പ്രതിക്കെതിരേ ബലപ്രയോഗം നടത്തിയെന്ന കുറ്റം മാത്രമാണ് തെളിഞ്ഞത്.
കേസിലെ നാലാംപ്രതി അനീഷ്, 11-ാം പ്രതി അബ്ദുള്‍കരീം എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. മധുവിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നതായിരുന്നു അനീഷിനെതിരേയുള്ള കുറ്റം. മധുവിനെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിച്ചെന്നതായിരുന്നു അബ്ദുള്‍ കരീമിനെതിരായ കുറ്റം. എന്നാല്‍ ഇവരെ രണ്ടുപേരെയും കോടതി വെറുതെവിട്ടു. കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളുടെയും ശിക്ഷ നാളെ(ഏപ്രില്‍ 06,ബുധനാഴ്ച) പ്രഖ്യാപിക്കും.
ഒന്നാംപ്രതി- ഹുസൈന്
മധുവിനെ മുക്കാലിയിലേക്ക് കൊണ്ടുവരുമ്പോള്‍ നെഞ്ചില്‍ ചവിട്ടി, ഇതിനെത്തുടര്‍ന്ന് മധു തലയിടിച്ച് വീണു, ഭണ്ഡാരപ്പെട്ടിയില്‍ തലയിടിച്ച് പരിക്കേറ്റു.
രണ്ടാംപ്രതി- മരയ്ക്കാര്‍
മധുവിനെ ആള്‍ക്കൂട്ട വിചാരണയ്ക്കായി പിടിച്ചുകൊണ്ടുവന്നത് മരയ്ക്കാര്‍. മധുവിനെ മര്‍ദിച്ചു.
മൂന്നാംപ്രതി- ഷംസുദ്ദീന്
മധുവിനെ വടികൊണ്ട് മര്‍ദിച്ചതും കൈകള്‍ ബന്ധിച്ചതും ഷംസുദ്ദീന്. സി.പി.എം. പ്രാദേശിക നേതാവായ ഷംസുദ്ദീനെ മധു കൊലക്കേസിന് ശേഷം ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. പിന്നീടാണ് പാര്‍ട്ടി ചുമതലയില്‍നിന്ന് മാറ്റിയത്.
അഞ്ചാംപ്രതി- രാധാകൃഷ്ണന്
മധുവിന്റെ ഉടുമുണ്ടഴിച്ച് നടത്തിച്ചു. മര്‍ദിച്ചു.
ആറാംപ്രതി- അബൂബക്കര്‍
മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തു.
ഏഴാംപ്രതി- സിദ്ദിഖ്
മധുവിനെ മര്‍ദിച്ചു
എട്ടാംപ്രതി- ഉബൈദ്
മധുവിനെ മര്‍ദിക്കുന്നതില്‍ പങ്കാളിയായി.
ഒമ്പതാംപ്രതി- നജീബ്-
മധുവിനെ പിടികൂടാന്‍ പോയത് നജീബിന്റെ ജീപ്പില്‍. മധുവിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
പത്താംപ്രതി- ജൈജുമോന്‍
മധുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു
12-ാം പ്രതി- സജീവ്
മധുവിനെ മര്‍ദിച്ചതില്‍ പങ്കാളിയായി
13-ാം പ്രതി- സതീഷ്
മധുവിനെ മര്‍ദിച്ചതില്‍ പങ്കാളിയായി
14-ാം പ്രതി – ഹരീഷ്
മധുവിനെ മര്‍ദിച്ചു. മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് മധുവിന്റെ പുറത്ത് ഇടിച്ചു.
15-ാംപ്രതി- ബിജു
മധുവിനെ മുക്കാലിയിലേക്ക് പിടിച്ചുകൊണ്ടുവന്ന സംഘത്തിലുള്ളയാള്‍. മധുവിനെ മര്‍ദിച്ചു.
16-ാംപ്രതി- മുനീര്‍
പ്രതിക്കെതിരേ തെളിഞ്ഞത് ഐപിസി 352 വകുപ്പ് മാത്രം. ജാമ്യം ലഭിക്കാവുന്ന കുറ്റം. മൂന്നുമാസം തടവ് മാത്രമാണ് ഈ വകുപ്പിലെ പരാമവധി ശിക്ഷ.
നേരത്തെ മർച്ച് 18നും പിന്നീട് 30നും വിധി പ്രസ്താവിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോടതി നടപടികൾ പൂർത്തിയാകുന്നതിലെ കാലതാമസം മൂലം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. 2018 ഫെബ്രുവരി 22നാണ് അരി മോഷ്ടിച്ചെന്ന് ആരോപിച്ച് മധുവിനെ ആൾക്കൂട്ടം പിടികൂടി മർദ്ദിച്ചത്. ആൾക്കൂട്ട മർദ്ദനത്തിലാണ് മരണമെന്ന് കണ്ടെത്തി പൊലീസ് 16 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു.
സംഭവം നടന്ന് ഒന്നര വർഷത്തിനുശേഷം 2019ൽ വി.ടി.രഘുനാഥിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി സർക്കാർ നിയമിച്ചെങ്കിലും ചുമതല ഏറ്റെടുത്തില്ല.വിചാരണ നീണ്ടതോടെ കുടുംബം സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് രംഗത്തെത്തി. തുടർന്ന് ഹൈക്കോടതി അഭിഭാഷകൻ സി. രാജേന്ദ്രനെ പബ്ലിക് പ്രോസിക്യൂട്ടറായും അഡ്വ. രാജേഷ് എം.മേനോനെ അഡിഷണൽ പ്രോസിക്യൂട്ടറായും നിയമിച്ചെങ്കിലും മധുവിന്റെ കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് രാജേന്ദ്രൻ രാജിവച്ചു. അഡ്വ. രാജേഷ് എം. മേനോനാണ് നിലവിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ.
2022 ഏപ്രിൽ 22ന് വിചാരണ തുടങ്ങി. 129 സാക്ഷികളിൽ 103 പേരെ വിസ്തരിച്ചു. 24 പേരെ ഒഴിവാക്കി. രണ്ടുപേർ മരിച്ചു. 24 പേർ കൂറുമാറി. പ്രതികൾക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം വിചാരണക്കോടതി റദ്ദാക്കിയ അപൂർവ നടപടിയുണ്ടായി. സാക്ഷികളുടെ കൂറുമാറ്റവും വലിയ ചർച്ചകൾക്ക് വഴിവച്ചു. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വിചാരണ വേളയിൽ എങ്ങനെ പ്രസക്തമാകുമെന്നതിനും കേസ് സാക്ഷ്യം വഹിച്ചു.
പ്രതിഭാഗം അഭിഭാഷകൻ തന്നെ ഭീഷണിപ്പെടുത്തിയതായി ജഡ്ജി തന്നെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിൽ രേഖപ്പെടുത്തി. കോടതിയിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമായി കാണുന്നില്ലെന്ന് പറഞ്ഞ സാക്ഷി സുനിൽകുമാറിനെ കാഴ്ച പരിശോധനയ്ക്ക് അയച്ച സംഭവവുമുണ്ടായി. മാർച്ച് നാലിനാണ് അന്തിമവാദം പൂർത്തിയായത്. മെഡിക്കൽ തെളിവുകൾക്കൊപ്പം ഡിജിറ്റൽ തെളിവുകളും വിചാരണയ്ക്കിടെ വിശദമായി കോടതി പരിശോധിച്ചു.