ഛത്തീസ്ഗഡിൽ വിവാഹദിനത്തിൽ സമ്മാനമായി ലഭിച്ച ഹോം തിയറ്റർ കണക്ട് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ച സംഭവത്തിൽ വധുവിന്റെ മുൻ കാമുകൻ അറസ്റ്റിൽ. പൊട്ടിത്തെറിയിൽ നവവരനും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിലാണ് കവാർധ സ്വദേശിയായ സർജു മർകം (33) എന്നയാൾ അറസ്റ്റിലായത്.

മാർച്ച് 31ന് നടന്ന വിവാഹത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് സമ്മാനപൊതികൾ തുറന്ന്. സമ്മാനങ്ങളുടെ കൂട്ടത്തിൽ നിന്നും ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കുന്നതിനിടെ ഉഗ്ര സ്‌ഫോടനമുണ്ടായാണ് നവവരൻ ഹേമേന്ദ്ര മെറാവി, സഹോദരൻ രാജ്കുമാർ എന്നിവർ മരിച്ചത്. വരൻ സംഭവസ്ഥലത്തും സഹോദരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ 100 കിലോമീറ്റർ അകലെ മധ്യപ്രദേശിലെ ബലാഘട്ടിൽനിന്നു പോലീസ് പിടികൂടിയത്.

പ്രതി സർജു മർകം വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇരുപത്തൊൻപതുകാരിയുമായി സർജു ഇതിനിടെ അടുപ്പത്തിലായിരുന്നു. തന്റെ രണ്ടാം ഭാര്യയാകാൻ സർജു യുവതിയെ നിർബന്ധിച്ചിരുന്നു. എന്നാൽ, യുവതി തയ്യാറായില്ല. ഈ സമയത്താണ് ഇവരുടെ ബന്ധത്തെക്കുറിച്ച് അറിവില്ലാതിരുന്ന കുടുംബാംഗങ്ങൾ ഹേമേന്ദ്രയുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചത്.

വിവാഹം ഉറപ്പിച്ചതോടെ പ്രകോപിതനായ സർജു പ്രതികാരം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പുതിയ ഹോം തിയറ്റർ സിസ്റ്റം വാങ്ങി രണ്ടു കിലോയോളം സ്‌ഫോടക വസ്തുക്കൾ നിറച്ചയ്ക്കുകയായിരുന്നു. ശേഷം വിവാഹത്തിന് രഹസ്യമായെത്തി സർജു വരന്റെ ബന്ധുവിനാണു സമ്മാനം കൈമാറിയത്. തിരിച്ചറിയാതിരിക്കാനായി പെട്ടെന്ന് തന്നെ വിവാഹ വേദിയിൽനിന്ന് പോവുകയും ചെയ്തു.

സർജു, ഹോം തിയറ്റർ സിസ്റ്റം പ്രവർത്തിപ്പിക്കുമ്പോൾ പൊട്ടിത്തെറിക്കുന്ന രീതിയിലാണ് ഇയാൾ സ്‌ഫോടക വസ്തുക്കൾ ക്രമീകരിച്ചിരുന്നത്. മുൻപ് ഇൻഡോറിലെ പാറമടയിൽ ജോലി ചെയ്തിരുന്ന പരിചയമാണു പ്രതിക്ക് ബോംബ് നിർമാണത്തിനു സഹായകമായത്.