ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പുതിയതായി പ്രഖ്യാപിച്ച 14 മോട്ടോർ വേകളുടെ നിർമ്മാണവുമായി മുന്നോട്ട് പോകുന്നില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. വർദ്ധിച്ച സാമ്പത്തിക ചിലവും സുരക്ഷാപ്രശ്നങ്ങളുമാണ് പദ്ധതി റദ്ദാക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് . ആസൂത്രണം ചെയ്ത 14 സ്കീമുകളിൽ 11 എണ്ണത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇതിനോടകം നിർത്തിവച്ചിരുന്നു. മറ്റ് 3 എണ്ണത്തിന്റെ നിർമ്മാണവും ഉടൻ നിർത്തുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ഗതാഗത നിരക്ക് നിയന്ത്രിക്കുന്നതിന് ഏറ്റവും ആധുനികമായ സജ്ജീകരണങ്ങൾ ഉൾപ്പെടുത്തിയവയാണ് സ്മാർട്ട് മോട്ടോർ വേകൾ . ഇംഗ്ലണ്ടിന്റെ മോട്ടോർ വേ ശൃംഖലയുടെ 10 ശതമാനത്തോളം സ്മാർട്ട് മോട്ടോർ വേകളാണ്. പുതിയ സ്മാർട്ട് മോട്ടർ വേകൾ നിർമിക്കുന്നതിന് 1 ബില്യൺ പൗണ്ടിൽ കൂടുതൽ ചിലവ് വരുന്നതും പൊതുജനങ്ങളിൽ നിന്നുള്ള എതിർപ്പുമാണ് പദ്ധതികൾ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള കാരണമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ വിശ്വാസകരമായ രീതിയിൽ പദ്ധതി പുനരവതരിപ്പിക്കാനാണ് സർക്കാരിൻറെ നീക്കം.

ഈ നീക്കത്തിലൂടെ പുതിയ സ്മാർട്ട് വേകൾ ഇനി നിർമ്മിക്കുന്നതല്ലെന്നല്ല അർത്ഥമാക്കുന്നത് എന്ന് ഗതാഗത സെക്രട്ടറി മാർക്ക് ഹാർപ്പർ പറഞ്ഞു. സ്മാർട്ട് മോട്ടോർ വേകളോടെ ബന്ധപ്പെട്ട എമർജൻസി വേകൾ പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുവെന്നുള്ള വ്യാപകമായ പരാതിയും സ്മാർട്ട് മോട്ടോർ വേകളെ കുറിച്ച് പൊതുജനത്തിൽ നിന്ന് ഉയർന്നു വന്നിരുന്നു. ഈ സുരക്ഷാ വീഴ്ചയും പുതിയ സ്മാർട്ട് മോട്ടർ വേകളുടെ നിർമ്മാണം നിർത്തിവയ്ക്കുന്നതിന് ഒരു കാരണമാണ്
	
		

      
      



              
              
              



