സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കൊല്ലപ്പെട്ട കേസിലെ പ്രതി ഹൃദയാഘാതം മൂലം മരണപ്പെട്ടു. മരണത്തിനു പിന്നാലെ പ്രതിയുടെ പെൺ സുഹൃത്ത് ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ടു. ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജുവാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. മലമ്പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് മരണം നടന്നത്. മദ്യപാനത്തിനിടയിൽ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ബിജുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അതമസമയം സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
ബിജുവിൻ്റെ മരണവാർത്ത പുറത്തു വന്നതിനു പിന്നാലെ പെൺസുഹൃത്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ കിടപ്പു മറിയിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടത്. ബിജുവിൻ്റെ മരണം അറിഞ്ഞതിനെത്തുടർന്ന് യുവതി വിഷാദവതിയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. പുലർച്ചെ രണ്ട് മണിയോടെ യുവതിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിജുവിൻ്റെ മരണത്തിലുണ്ടായ മനോവിഷമത്തിൽ യുവതി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
സിപിഎം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയും മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പന്ത്രണ്ടാം പ്രതിയാണ് ബിജു. രാഷ്ട്രീയപരമായ വിരോധം നിമിത്തമാണ് ഷാജഹാനെ രാഷ്ട്രീയ എതിരാളികൾ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൊല്ലയ്ക്ക് കാരണം പാർട്ടിയിൽ അദ്ദേഹത്തിൻ്റെ വളർച്ചയിൽ പ്രതികൾക്കുണ്ടായ വിരോധമാണെന്നായിരുന്നു ആദ്യഘട്ടത്തിൽ ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നത്. പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങളും പ്രകോപനങ്ങളുമാണ് കൊലയിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.
കൊലപാതകം നടന്ന ദിവസം നവീനുമായി രാഖി കെട്ടിയതുമായുള്ള തർക്കം ഉടലെടുത്തിരുന്നു. മാത്രമല്ല ഗണേശോത്സവത്തിൽ പ്രതികൾ ഫ്ലക്സ് വയ്ക്കാൻ ശ്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാജഹാനുമായി തർക്കമുണ്ടായി. തുടർന്നു നടന്ന വാക്കേറ്റവും കൊലപാതകത്തിന് കാരണമാകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം കേസിൽ ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
2022 ഓഗസ്റ്റ് 14 ഞായറാഴ്ച രാത്രിയാണ് മലമ്പുഴ കുന്നങ്കോട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി 9.30-ന് കുന്നങ്കാട് ഷാജഹാൻ്റെ വീടിനടുത്തുള്ള കടയ്ക്ക് പരിസരത്തു വച്ചാണ് കൊലപാതകം നടന്നത്. സുഹൃത്തുമൊത്ത് കടയില്‍ സാധനം വാങ്ങുന്നതിനിടെ അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. അതിനുപിന്നാലെ അക്രമികൾ ഓടിരക്ഷപ്പെട്ടു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave a Reply