ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺസെർവേറ്റീവ് പാർട്ടിക്ക് കനത്ത പരാജയം നേരിട്ടതിനെ തുടർന്ന് സ്വയം വിമർശനുമായി നേതാക്കൾ രംഗത്ത് വന്നു . സർക്കാർ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു എന്ന് സാംസ്കാരിക സെക്രട്ടറി ലൂസി ഫ്രേസർ പറഞ്ഞു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ പാർട്ടിക്ക് 1000 ത്തിൽ അധികം കൗൺസിലർമാരെ നഷ്ടപ്പെട്ട സാഹചര്യത്തിൽ നിരവധി കോൺസെർവേറ്റീവുകൾ പ്രധാന മന്ത്രി ഋഷി സുനകിനെ കുറ്റപ്പെടുത്തി.
മെഡ്‌വേ, സ്വിണ്ടൻ, പ്ലൈമൗത്ത്, സ്റ്റോക്ക്-ഓൺ-ട്രെന്റ്, ഈസ്റ്റ് സ്റ്റാഫോർഡ്ഷയർ തുടങ്ങിയ 22 കൗൺസിലുകളുടെ നിയന്ത്രണം ഈ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേടി. ഈ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ചെറിയ പാർട്ടികൾക്ക് വോട്ട് ചെയ്ത ആളുകൾ 2024 ൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ലേബറിലേക്ക് മാറുമെന്ന് മിസ്റ്റർ സ്ട്രീറ്റിംഗ് പറഞ്ഞു.
അടുത്ത പൊതു തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി വിജയത്തിലേക്കുള്ള പാതയിലാണെന്ന് ലേബർ പാർട്ടി നേതാവ് സർ കെയർ സ്റ്റാമർ പറഞ്ഞു. 2002 -ന് ശേഷം ആദ്യമായാണ് ലേബർ പാർട്ടി ഇത്ര ശക്തമായ മുന്നേറ്റം നടത്തുന്നത്. ഇംഗ്ലണ്ടിലെ 230 കൗൺസുകളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി റിഷി സുന കിന്റെ ജനപ്രീതിയുടെ അളവുകോൽ ആയിരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ നേരത്തെ പറഞ്ഞിരുന്നു . പ്രാദേശിക തെരഞ്ഞെടുപ്പുകളിലെ തിരിച്ചടി പ്രതിപക്ഷത്തിനും സ്വന്തം പാർട്ടിയിലെ വിമർശകർക്കും പ്രധാനമന്ത്രിയുടെ നയങ്ങളെ വിമർശിക്കാൻ കൂടുതൽ ശക്തി നൽകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിലവിലെ കണക്കുകൾ അനുസരിച്ച് പ്രാദേശിക തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 35 % വോട്ട് വിഹിതമായാണ് ലഭിച്ചിരിക്കുന്നത്. ടോറികൾക്ക് 26 ശതമാനവും ലിബ് ഡെംസിന് 20 ശതമാനം വോട്ടു വിഹിതം ലഭിച്ചു. 2010 -ൽ ലേബർ പാർട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനുശേഷമുള്ള ഏറ്റവും ശക്തമായ തിരിച്ചു വരവാണ് അവർ നടത്തിയിരിക്കുന്നത്.
Leave a Reply