ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യുകെയിൽ ആദ്യമായി മൂന്ന് പേരുടെ ഡിഎൻഎ ഉപയോഗിച്ച് ഒരു കുഞ്ഞ് ജനിച്ചതായി സ്ഥിരീകരിച്ച് ഫെർട്ടിലിറ്റി റെഗുലേറ്റർ. കുട്ടിയുടെ ഡിഎൻഎയുടെ ഭൂരിഭാഗവും മാതാപിതാക്കളിൽ നിന്നും ഏകദേശം 0.1% ദാതാവായ സ്ത്രീയിൽ നിന്നും ആണ്. പുതിയ രീതി മൈറ്റോകോണ്ട്രിയൽ രോഗങ്ങളുമായി കുട്ടികൾ ജനിക്കുന്നത് തടയാനുള്ള ശ്രമമാണ്. ഈ രീതിയിൽ അഞ്ചു കുഞ്ഞുങ്ങൾ ജനിച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മൈറ്റോകോണ്ട്രിയൽ രോഗങ്ങൾ ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്തതാണ്. ഈ രോഗങ്ങൾ ഉള്ള കുട്ടികൾ ജനിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മൈറ്റോകോണ്ട്രിയൽ രോഗങ്ങൾ മൂലം ചില കുടുംബങ്ങൾക്ക് ഒന്നിലധികം കുട്ടികളെ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരക്കാരുടെ ആരോഗ്യമുള്ള കുട്ടി എന്ന ആഗ്രഹം സഫലമാകാനുള്ള വഴിയാണ് പുതിയതായി കണ്ടെത്തിയ രീതി.

ഭക്ഷണത്തെ ഉപയോഗയോഗ്യമായ ഊർജ്ജമാക്കി മാറ്റുന്ന ശരീരത്തിലെ മിക്കവാറും എല്ലാ കോശങ്ങളിലുമുള്ള ചെറിയ അറകളാണ് മൈറ്റോകോൺ‌ഡ്രിയ. വികലമായ മൈറ്റോകോണ്ട്രിയ ശരീരത്തിന് ഊർജ്ജം നൽകുന്നതിൽ പരാജയപ്പെടുകയും മസ്തിഷ്ക ക്ഷതം, പേശി ക്ഷയം, ഹൃദയസ്തംഭനം, അന്ധത എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. ഇവ അമ്മയിലൂടെ മാത്രമാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ IVF-ന്റെ പരിഷ്‌ക്കരിച്ച രൂപമാണ് മൈറ്റോകോൺ‌ഡ്രിയൽ ദാന ചികിത്സ. ദാതാവിന്റെ ഡിഎൻഎ ഫലപ്രദമായ മൈറ്റോകോൺ‌ഡ്രിയ നിർമ്മിക്കുന്നതിന് മാത്രമേ പ്രസക്തമാകൂ. കുട്ടിയുടെ രൂപം പോലുള്ള സ്വഭാവങ്ങളെ ഇത് സ്വാധീനിക്കില്ല. 2016ൽ യുഎസിൽ ചികിത്സയിലായിരുന്ന ജോർദാനിയൻ കുടുംബത്തിലാണ് ഈ രീതിയിലൂടെ ആദ്യമായി കുഞ്ഞ് ജനിച്ചത്.