ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ബ്രിട്ടനിലെ ഈ വർഷം നടത്തിയ സാറ്റ്സ് എക്സാമിനേഷനിലെ ചോദ്യങ്ങളെക്കുറിച്ച് കടുത്ത വിമർശനങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. പത്തും പതിനൊന്നും വയസ്സ് പ്രായമുള്ള കുട്ടികളെ കണ്ണീരു കുടിപ്പിച്ച പരീക്ഷയെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സ്കൂൾ മിനിസ്റ്റർ നിക്ക് ഗിബ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച നടന്ന പരീക്ഷയെ കുറിച്ച് നൂറുകണക്കിന് രക്ഷിതാക്കളും അധ്യാപകരുമാണ് പരാതിപ്പെട്ടത്.
ഈ വർഷത്തെ സാറ്റ്സ് പരീക്ഷയുടെ പല ചോദ്യങ്ങളും അധ്യാപകർക്ക് വരെ മനസ്സിലാക്കാൻ സാധിച്ചില്ലെന്നുള്ള വിമർശനങ്ങളാണ് പല കോണുകളിൽ നിന്നും ഉയർന്ന് വന്നിരിക്കുന്നത്. ഇംഗ്ലീഷ് റീഡിങ് ടെസ്റ്റിൽ ഉൾപ്പെട്ട പല ചോദ്യങ്ങളും ജിസിഎസ്ഇ നിലവാരത്തിലുള്ളതായിരുന്നു. അതുകൊണ്ടുതന്നെ മിടുക്കരായ വിദ്യാർഥികൾക്ക് പോലും ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതാനായില്ല . ഈ വർഷത്തെ സാറ്റ്സ് എക്സാമിനേഷനിൽ ഒട്ടേറെ മലയാളി വിദ്യാർഥികളും പങ്കെടുത്തിരുന്നു.
പരീക്ഷ കഴിഞ്ഞയുടനെ ഉണ്ടായ എസ് എ ടി എക്സാമിനേഷൻ വിവാദത്തെ ന്യായീകരിക്കുന്ന സമീപനമാണ് ആദ്യം വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചത്. ഏറ്റവും കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനാണ് സാറ്റ്സ് എക്സാമിനേഷന്റെ ചോദ്യങ്ങൾ കഠിനമാക്കിയിരിക്കുകയാണെന്നാണ് ആദ്യഘട്ടത്തിൽ വിവാദങ്ങളെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് പ്രതികരിച്ചത് . എന്നാൽ പല ചോദ്യങ്ങളും ജിസിഎസ് ഇ നിലവാരത്തിലുള്ളതായിരുന്നു എന്നതിനടിസ്ഥാനമായി കടുത്ത വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് ചോദ്യങ്ങളെക്കുറിച്ച് പുന:പരിശോധന നടത്തുമെന്ന് മന്ത്രിയ്ക്ക് പറയേണ്ടതായി വന്നത്.
Leave a Reply