ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇലോണ്‍ മസ്‌ക്കിന്റെ ട്വിറ്ററിനോട് ഏറ്റുമുട്ടാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ത്രെഡ്‌സ് ആപ്പ് (Threads). ബുധനാഴ്ച മുതല്‍ ആപ്ലിക്കേഷന്‍ ഗൂഗിളില്‍, ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമായി തുടങ്ങി. കഴിഞ്ഞ കുറേ മാസങ്ങളായി പ്രചരിക്കപ്പെട്ടിരുന്ന അഭ്യൂഹങ്ങളെ ശരിവെക്കുംവിധം ട്വിറ്ററിന് ബദലാകുന്ന ഒരു ആപ്ലിക്കേഷനാണ് ത്രെഡ്‌സ്. മെറ്റയുടെ തന്നെ ഫോട്ടോ-വീഡിയോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതാണ് ത്രെഡ്‌സ്. ട്വിറ്ററിന് സമാനമായ ഫീച്ചറുകളാണ് ഉൾപ്പെട്ടിരിക്കുന്നത്.
എങ്ങനെ ഉപയോഗിക്കാം
നിങ്ങളുടെ ഫോണിലുള്ള പ്ലേസ്റ്റോറില്‍ കേറി ത്രെഡ്‌സ് ആപ്പ് (Threads) എന്ന് സെര്‍ച്ച് ചെയ്ത് ഡൗണ്‍ലോഡ് നല്‍കുക. നിങ്ങള്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്ന ആളാണെങ്കില്‍ പ്രത്യേകം യൂസര്‍ നെയിം നല്‍കേണ്ട ആവശ്യം വരുന്നില്ല. നിലവിലെ നിങ്ങളുടെ ഇന്‍സ്റ്റഗ്രാം യൂസര്‍ നെയിം ഉപയോഗിച്ച് ത്രെഡ്‌സില്‍ ലോഗിന്‍ ചെയ്യാം. നിങ്ങള്‍ പുതിയ ഉപയോക്താവാണെങ്കില്‍ ആദ്യം ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ് ചെയ്ത് യൂസര്‍നെയിം ഉണ്ടാക്കണം. തുടര്‍ന്ന് ത്രെഡ്‌സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അതേ യൂസര്‍നെയിം ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്.
പ്രത്യേകതകൾ
ടെക്സ്റ്റ് ബേസ്ഡ് മെസേജുകൾ ഷെയർ ചെയ്യാമെന്ന പ്രധാന പ്രത്യേകതയ്ക്കൊപ്പം വൈവിധ്യമാർന്ന ഒട്ടേറെ ഫീച്ചറുകളും ത്രെഡ്സിൽ ലഭ്യമാണ്. പരസ്പരം ഫോളോ ചെയ്യുന്ന ഉപയോക്താക്കൾക്ക് ഫോട്ടോസും അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോസും ലിങ്കുകളും ഷെയർ ചെയ്യാനാകും. ട്വിറ്ററിൽ ഉപയോഗിക്കാവുന്ന വാക്കുകളുടെ പരമാവധി എണ്ണം 280 ആണ്. എന്നാൽ ത്രെഡ്സിൽ 500 വാക്കുകൾ ഉപയോഗിക്കാനാകും. ട്വിറ്ററിലേതുപോലെ നേരിട്ട് സന്ദേശമയക്കാനുള്ള സവിശേഷത ത്രെഡ്സിൽ ഇല്ല. ഉപയോക്താക്കളുടെ നിർദേശങ്ങൾ അനുസരിച്ച് പുതിയ ഫീച്ചറുകൾ ആപ്പിൽ വിവിധ ഘട്ടങ്ങളിലായി ചേർക്കുമെന്നാണ് അധികൃതർ പറയുന്നത്. ആപ്പ് ലോഞ്ച് ചെയ്തുകഴിഞ്ഞ് ഏഴ് മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ലഭിച്ചത്.
യൂറോപ്യൻ യൂണിയനിൽ ലഭിക്കില്ല
അതേസമയം ഈ ആപ്പ് യൂറോപ്യൻ യൂണിയനിൽ ലഭ്യമല്ല. ഇൻസ്റ്റാഗ്രാമിന്റെയും ത്രെഡ്‌സിന്റെയും മാതൃ കമ്പനിയായ മെറ്റ നിലവിൽ രണ്ട് ആപ്ലിക്കേഷനുകൾക്കിടയിലുള്ള ഡേറ്റ പങ്കിടലിന്റെ കുരുക്കിലാണ്. ഇതാണ് യൂറോപ്യൻ യൂണിയനിൽ ത്രെഡ്സ് ലഭ്യമാക്കുന്നതിനുള്ള കാലതാമസത്തിന് കാരണമെന്നാണ് ബ്ലൂംബെർഗിൽ നിന്നുള്ള റിപ്പോർട്ട് പറയുന്നത്.
ജർമ്മനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ബെൽജിയം എന്നിവയുൾപ്പെടെ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ത്രെഡ്‌സ് ആപ്പ് ലഭ്യമല്ല
Leave a Reply