അയർലൻഡിലെ കോർക്കിൽ വെള്ളിയാഴ്ച മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദീപ ദിനമണി (38) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐറിഷ് പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് റിജിന്‍ രാജനെ (41) ജൂലായ് 20 വരെ റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് പാലക്കാട് സ്വദേശിനിയായ ദീപ കൊല്ലപ്പെട്ട വിവരം പുറംലോകം അറിഞ്ഞത്.
അന്നു രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്ത ഭര്‍ത്താവ് റിജിന്‍ രാജനെ ശനിയാഴ്ച ചോദ്യം ചെയ്ത ശേഷം ഞായറാഴ്ച പുലര്‍ച്ചെ ടോഗര്‍ ഗാര്‍ഡ സ്റ്റേഷനില്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കോര്‍ക്ക് ഡിസ്ട്രിക്ട് കോര്‍ട്ടിന്റെ പ്രത്യേക സിറ്റിങ്ങില്‍ ഹാജരാക്കി. ജൂലൈ 20 വ്യാഴാഴ്ച വീണ്ടും കോടതിയില്‍ ഹാജരാകണമെന്നാണ് കോർക്ക് ജില്ലാ കോടതിയുടെ ഉത്തരവ്.
ദീപ കൊല്ലപ്പെട്ട സമയത്ത് ഇവരുടെ അഞ്ച് വയസുകാരനായ മകന്‍ അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു. എന്നാൽ, ഇവരോടൊപ്പം വാടക ഷെയർ ചെയ്തു അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു പെൺകുട്ടി ദൃക്സാക്ഷിയാണെന്ന് പറയപ്പെടുന്നു. കോര്‍ക്കിലെ എയർപോർട്ട് ബിസിനസ് പാർക്കിൽ പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍ ഡോമസ് ഫണ്ട് സര്‍വീസ് (അയർലൻഡ്) ലിമിറ്റഡ് എന്ന രാജ്യാന്തര കമ്പനിയില്‍ സീനിയർ മാനേജർ ആയി ജോലി ചെയ്യുകയായിരുന്നു ദീപ. ഏപ്രിലിൽ ആണ് ജോലിയിൽ പ്രവേശിച്ചത്. ബെംഗളൂരു, നോയിഡ എന്നിവിടങ്ങളിലായി ഇന്‍ഫോസിസ്, അമികോര്‍പ്പ്, അപ്പക്‌സ് ഫണ്ട് സര്‍വീസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ ദീപ ജോലി ചെയ്തിട്ടുണ്ട്.
മരിച്ച യുവതിയുടെ കുടുംബത്തെ സഹായിക്കുന്നതിന് കോര്‍ക്കിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങളും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികളും ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. നടപടി ക്രമീകരണങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.
Leave a Reply