ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം 

കോട്ടയം : തിരുവനന്തപുരത്തു നിന്നും സാധാരണഗതിയിൽ നാലു മണിക്കൂറുകൊണ്ട് കോട്ടയത്ത്‌ എത്താം. എന്നാൽ തികച്ചും അസാധാരണ നീക്കങ്ങളിലൂടെ ജനങ്ങളിൽ അലിഞ്ഞുചേർന്ന ഉമ്മൻ ചാണ്ടിയുടെ അവസാന യാത്ര എങ്ങനെയാണ് അതിവേഗം എത്തുക? ആൾക്കടലിൽ ഒഴുകി 27 മണിക്കൂറും 150 കിലോമീറ്ററും പിന്നിട്ട് ഉമ്മൻ ചാണ്ടിയുടെ ചേതനയറ്റ ശരീരം ജന്മനാട്ടിലെത്തി. തങ്ങൾക്ക് വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ച് ജീവിച്ച ഉമ്മൻ ചാണ്ടിയ്ക്കു വേണ്ടി രാത്രികൾ പകലുകളാക്കി മനുഷ്യർ കാത്ത് നിന്നു. അല്ലെങ്കിൽ വരുന്നത് ഉമ്മൻ ചാണ്ടിയാകുമ്പോൾ ഒപ്പം ജനസാഗരം ഉണ്ടാവാതെ എങ്ങനെയാണ്! അവർ അന്തരാത്മാവിൽ നിന്ന് ആർത്തുവിളിച്ചു ; കണ്ണേ കരളേ കുഞ്ഞൂഞ്ഞേ…

സംസ്കാരം ഇന്ന് വൈകിട്ടോടെ

അഞ്ചു പതിറ്റാണ്ട് പ്രവർത്തന മണ്ഡലമായിരുന്ന കോട്ടയത്ത്‌ ഉമ്മൻ ചാണ്ടിയുടെ മൃതദേഹം രാവിലെ 10.15 ഓടെ എത്തിച്ചു. തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് ശേഷം എട്ടു കിലോമീറ്റർ അകലെ പുതുപ്പള്ളി കരോട്ടു വള്ളക്കാലിൽ വീട്ടിലേക്ക് എത്തും. വീട്ടിലെ പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രണ്ട് മണി മുതൽ മൂന്നു വരെ പൊതുദർശനം. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എല്ലാ ഞായറാഴ്ചയും ഓടി എത്താറുള്ള പുതുപ്പള്ളി പള്ളി അദ്ദേഹത്തിന് കണ്ണീർ പൂക്കളുമായി വിട നൽകും. ഇനി ആ പടിക്കെട്ട് കയറി വരാൻ ഉമ്മൻ ചാണ്ടിയില്ലെന്ന സത്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണ്. വൈകിട്ട് 3.30ഓടെ സംസ്കാര ശുശ്രൂഷ നടക്കും. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിക്കും. എന്നാൽ, ഉമ്മൻ ചാണ്ടി ജനങ്ങളുടെ സ്വന്തം നേതാവാണ്. അതിനാൽ അദ്ദേഹത്തിന്റെ യാത്രയ്ക്കും മൃദുവേഗമാണ്.

അന്തിമോപചാരം അർപ്പിക്കാൻ പ്രമുഖർ

മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയ സിനിമാതാരങ്ങളും, മന്ത്രിമാർ, രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരടക്കം ജനസാഗരമാണ് തിരുനക്കര മൈതാനത്ത് പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. അതിനിടെ ഉമ്മൻചാണ്ടിയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉച്ചയോടെ പുതുപ്പള്ളിയിലെത്തും. കേരള ഗവർണറും എത്തും. സംസ്കാര ചടങ്ങിൽ‌ കർദിനാൾ മാർ ആലഞ്ചേരിയും പങ്കെടുക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രത്യേക കബറിടം

മന്ത്രിയെന്നോ എം.എൽ.എയെന്നോ പരിവേഷമില്ലാതെ വിശ്വാസികളിലൊരാളായിരുന്നു എപ്പോഴും ഉമ്മൻ ചാണ്ടി. സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിക്ക് കിഴക്കു വശത്തായി വൈദികശ്രേഷ്ഠരുടെ കല്ലറയോട് ചേർന്ന് പ്രത്യേകം തയ്യാറാക്കിയ കബറിടത്തിലാണ് അന്ത്യവിശ്രമം. അന്ത്യസംസ്‌കാര ശുശ്രൂഷകൾക്കുള്ള ക്രമീകരണങ്ങൾ പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും പൂർത്തിയായി. നിർമ്മാണം പാതിവഴിയിലെത്തിയ സ്വപ്‌ന വീട്ടിലും മൃതദേഹം വയ്ക്കുന്നതിനും അന്ത്യസംസ്‌കാര ശുശ്രൂഷ പ്രാർത്ഥനകൾ നടത്തുന്നതിനുമായി വിപുലമായ പന്തലും ഒരുക്കിയിട്ടുണ്ട്.

സമാനതകളില്ലാത്ത അന്ത്യയാത്ര

തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ഇന്നലെ രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. അർധരാത്രി കഴിഞ്ഞിട്ടും കത്തിച്ച മെഴുകുതിരിയുമായി വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. അർധരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല. പത്തനംതിട്ട പന്തളത്ത് വിലാപ യാത്ര എത്തുമ്പോൾ പുലർച്ചെ രണ്ട് മണിയോടടുത്തു. കുട്ടികളുൾപ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്.

വിലാപയാത്ര തിരുവനന്തപുരം നഗരത്തിനു പുറത്തു കടക്കാൻ മണിക്കൂറുകളെടുത്തു. 3.20 നു കൊല്ലം ജില്ലയിൽ കടന്നപ്പോൾ നിലമേലിൽ വൻജനക്കൂട്ടം വരവേറ്റു. കൊട്ടാരക്കരയിൽ ചൊവ്വാഴ്ച മുതൽ സർവമത പ്രാർഥനയുമായി കാത്തിരുന്ന നാട്ടുകാർ വിലാപയാത്രയെത്തിയപ്പോൾ വാഹനം പൊതിഞ്ഞു. കേരളത്തിന്റെ പലയിടങ്ങളിൽ നിന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എത്തിയവർ ഇരുട്ടും മഴയും അവഗണിച്ചു കാത്തുനിന്നു. കോട്ടയം ജില്ലയിൽ പ്രവേശിച്ചത് മുതൽ പലരും മൃതദേഹം വെച്ച ബസിനൊപ്പം നടന്നു.

ഇനിയും ഉമ്മൻ ചാണ്ടിയെ തേടി അനേകരെത്തും. അദ്ദേഹം ഏതെങ്കിലും വിധത്തിൽ സഹായിച്ച, സ്വാധീനിച്ചവർ എത്തും.. നിറമിഴികളോടെ ജനനായകന്റെ കല്ലറയിൽ സ്നേഹപൂക്കൾ അർപ്പിക്കാൻ…