ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ലിവർപൂളിൽ കനത്ത മഴയെ തുടർന്ന് റോഡിൽ ഉണ്ടായ വെള്ളക്കെട്ടിലേയ്ക്ക് തങ്ങളുടെ മെഴ്സിഡസ് കാർ ഓടിച്ചു കയറ്റിയ രണ്ടുപേർ മരണമടഞ്ഞു. ഒരു സ്ത്രീയും പുരുഷനും ആയിരുന്നു കാറിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച ക്വീൻസ് ഡ്രൈവിലെ മോസ്ലി ഹില്ലിൽ രണ്ടുപേർ കാറിൽ കുടുങ്ങിയതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ഉടൻ തന്നെ മേഴ്‌സിസൈഡ് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിരുന്നു. കാറിൽ നിന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പിന്നീട് മരണമടഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിവർപൂളിലെ നോർത്ത് മോസ്‌ലി ഹിൽ റോഡിനും ഡോവെഡേൽ റോഡിനും ഇടയിലുള്ള ക്വീൻസ് ഡ്രൈവിലെ വെള്ളം നിറഞ്ഞ പ്രദേശത്തേക്കാണ് ഇരുവരും കാറോടിച്ചതെന്ന് പോലീസ് വ്യക്തമാക്കി. നാട്ടുകാർ ഇവരെ സഹായിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിൽ കുടുങ്ങിയവരെ കണ്ടെത്തുന്നതിനായി മെഴ്‌സിസൈഡ് ഫയർ ആൻഡ് റെസ്‌ക്യൂ സേവനങ്ങളോടോപ്പം പോലീസും പൂർണ്ണമായും പങ്കെടുത്തു. മരണമടഞ്ഞവരുടെ അടുത്ത ബന്ധുക്കളെ വിവരം അറിയിച്ചതായും പോലീസ് അറിയിച്ചു.

പാലത്തിനടിയിലൂടെയുള്ള ഈ റോഡിൽ ഇത്തരത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് സ്ഥിരം ആണെന്ന് പ്രദേശവാസികൾ അറിയിച്ചു. ഇത് സംബന്ധിച്ച് യാതൊരുവിധ മുന്നറിയിപ്പുകളും ലഭിക്കാറില്ലെന്നും അവർ പറഞ്ഞു. ഇതിനുമുൻപും ഇത്തരത്തിൽ നിരവധി കാറുകൾ കഴിഞ്ഞ മാസങ്ങളിൽ വെള്ളത്തിൽ കുടുങ്ങിപ്പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. ഇരുവരുടെയും മരണത്തിന് കാരണമായ സംഭവങ്ങളെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിട്ടക്ടീവ് ചീഫ് ഇൻസ്പെക്ടർ മൈക്ക് ഡാൾട്ടൻ വ്യക്തമാക്കി.