ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : യൂറോപ്യൻ യൂണിയൻ കാലത്തെ ജലമലിനീകരണ നിയന്ത്രണ നിയമങ്ങൾ ഒഴിവാക്കി കൂടുതൽ വീടുകൾ നിർമ്മിക്കാൻ സർക്കാർ. സംരക്ഷിത പ്രദേശങ്ങളിലെ ജലാശയങ്ങൾക്ക് സമീപം വീടുകൾ നിർമ്മിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമങ്ങൾ നീക്കിയാൽ 2030 ഓടെ ഒരു ലക്ഷം പുതിയ വീടുകൾ വരെ നിർമ്മിക്കാൻ കഴിയുമെന്ന് സർക്കാർ അറിയിച്ചു. പുതിയ വീടുകളിൽ നിന്നുള്ള ജലമലിനീകരണം വളരെ ചെറുതാണെന്ന് മന്ത്രിമാർ വാദിക്കുന്നു. ഇതിനായി 280 മില്യൺ പൗണ്ട് നിക്ഷേപം നടത്താനാണ് പദ്ധതി. എന്നാൽ ഈ നിയമമാറ്റം പരിസ്ഥിതിയ്ക്ക് കൂടുതൽ ദോഷം ചെയ്യുമെന്ന് വൈൽഡ് ലൈഫ് ട്രസ്റ്റ് സിഇഒ ക്രെയ്ഗ് ബെന്നറ്റ് പറഞ്ഞു.
നിലവിൽ ഹൗസ് ഓഫ് ലോർഡ്സിലുള്ള ലെവലിംഗ് അപ്പ് ആൻഡ് റീജനറേഷൻ ബിൽ ഭേദഗതിയിലൂടെയോ മാറ്റത്തിലൂടെയോ ഈ നിയമങ്ങൾ ഇല്ലാതാക്കാനാണ് സർക്കാർ പദ്ധതികൾ. നിയന്ത്രണങ്ങൾ നീക്കുന്നതിലൂടെ, നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്ന് 18 ബില്യൺ പൗണ്ട് അധികമായി ലഭിക്കുമെന്ന് സർക്കാർ അറിയിച്ചു. കൂടാതെ, ഈ നീക്കത്തോടൊപ്പം, നാച്ചുറൽ ഇംഗ്ലണ്ട് നടത്തുന്ന ന്യൂട്രിയന്റ് മിറ്റിഗേഷൻ സ്കീമിനായി 280 മില്യൺ പൗണ്ടായി നിക്ഷേപം ഇരട്ടിയാക്കുന്നതുൾപ്പെടെയുള്ള പുതിയ പാരിസ്ഥിതിക നടപടികളും സർക്കാർ പ്രഖ്യാപിക്കുന്നു.
മെച്ചപ്പെട്ട സ്ലറി സംഭരണത്തിനായി 166 മില്യൺ അധിക ഗ്രാന്റുകൾ കർഷകർക്ക് ലഭ്യമാക്കും. കൃഷിയിടത്തിൽ നിന്ന് നദികളിലേക്കും തണ്ണീർത്തടങ്ങളിലേക്കുമുള്ള ഒഴുക്ക് നിയന്ത്രിക്കുകയാണ് ലക്ഷ്യം. യൂറോപ്യൻ യൂണിയൻ നിയമം യുകെയിലെ വീട് നിർമാണത്തിന് തടസമായിരുന്നതായി പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. പുതിയ പദ്ധതികൾ ഇംഗ്ലണ്ടിന്റെ ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രാദേശിക സമൂഹങ്ങൾക്ക് ആവശ്യമായ പുതിയ വീടുകൾ നിർമ്മിക്കാൻ സഹായകമാകുമെന്നും പരിസ്ഥിതി സെക്രട്ടറി തെരേസ് കോഫി വ്യക്തമാക്കി.
Good news