ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഇന്ത്യയിൽ വധശിക്ഷ നേരിടുന്ന ബ്രിട്ടീഷ് വംശജനായ ജഗ്താർ സിംഗ് ജോഹലിന്റെ കാര്യത്തിൽ ഇടപെടണമെന്ന് ഋഷി സുനകിനോട് എംപിമാരുടെ ക്രോസ്-പാർട്ടി ഗ്രൂപ്പ് ആവശ്യപ്പെട്ടു. ജി 20 നേതാക്കളുടെ ഉച്ചകോടിക്കായി ഡൽഹിയിലേക്ക് പോകുമ്പോൾ ജഗ്താർ സിംഗ് ജോഹലിനെ “ഉടൻ മോചിപ്പിക്കാൻ” നരേന്ദ്ര മോദിയോട് ആഹ്വാനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 70 ലധികം എംപിമാർ ഒരു കത്തിൽ ഒപ്പിട്ടു. ജോഹലിനെ അഞ്ച് വർഷത്തിലേറെയായി “സ്വേച്ഛാപരമായ തടങ്കലിൽ” പാർപ്പിച്ചിരിക്കുകയാണെന്ന് അവർ പറയുന്നു. ഇപ്പോൾ 36 വയസ്സുള്ള മിസ്റ്റർ ജോഹൽ സ്കോട്ട്ലൻഡിലെ ഡംബാർട്ടൺ സ്വദേശിയാണ്. അദ്ദേഹം ഒരു ബ്ലോഗറും സിഖ് മനുഷ്യാവകാശ പ്രചാരകനുമായിരുന്നു.

2017 ഒക്ടോബറിൽ വിവാഹത്തിനായി അദ്ദേഹം ഇന്ത്യയിലേക്ക് പോയപ്പോൾ അറസ്റ്റിലായി എന്നാണ് ക്യാമ്പെയ്‌ൻ ഗ്രൂപ്പായ റിപ്രൈവ് പറയുന്നത്. ഭാര്യയോടൊപ്പം ഷോപ്പിംഗിന് പോകുമ്പോൾ, അദ്ദേഹത്തിന്റെ തല മൂടിക്കെട്ടി, കാറിൽ കയറ്റി കഠിനമായി പീഡിപ്പിക്കുകയും നിർബന്ധിച്ചു കടലാസുകൾ ഒപ്പിടുവിക്കുകയും ചെയ്തുവെന്ന് അവർ പറയുന്നു. “അറസ്റ്റിലായപ്പോൾ, ജഗ്താറിനെ ചോദ്യം ചെയ്തവർ തന്നെ വൈദ്യുതാഘാതമേൽപ്പിച്ചു, പെട്രോളൊഴിച്ച് തീകൊളുത്തുമെന്ന് ഭീഷണിപ്പെടുത്തി. പീഡനം അവസാനിപ്പിക്കാൻ, ജഗ്താർ വീഡിയോ മൊഴികൾ രേഖപ്പെടുത്തുകയും ശൂന്യമായ കടലാസിൽ ഒപ്പിടുകയും ചെയ്തു.” – എംപിമാർ അവരുടെ കത്തിൽ ഇപ്രകാരം പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇന്ത്യയിലെ രാഷ്ട്രീയ അക്രമങ്ങളുമായി ബന്ധപ്പെട്ട് കൊലപാതകം, കൊലപാതകത്തിന് ഗൂഢാലോചന തുടങ്ങിയ 10 കുറ്റങ്ങളാണ് അദ്ദേഹത്തിന്റെ പേരിൽ ചുമത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കോടതി നടപടികൾ ആരംഭിച്ചെങ്കിലും പലതവണ മാറ്റിവച്ചതായി അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. മുൻ പ്രധാനമന്ത്രിമാരായ ബോറിസ് ജോൺസണും തെരേസ മേയും ഈ കേസ് ഇന്ത്യയുടെ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. റിഷി സുനക് ഇന്ത്യൻ പ്രധാനമന്ത്രിയുമായി നല്ല ബന്ധമുള്ള വ്യക്തിയായതിനാൽ സന്ദർശനവേളയിൽ കേസിനെ പറ്റി ഉന്നയിക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരൻ ഗുർപ്രീത് സിംഗ് ജോഹൽ ആവശ്യപ്പെട്ടു.