ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ പാർലമെന്റിലെ ഗവേഷകനെ ഒഫീഷ്യൽ സീക്രെറ്റ്സ് ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്‌തു. ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. മാർച്ചിൽ ഇരുപതും മുപ്പതും വയസ്സുള്ള രണ്ടുപേർ ഈ നിയമപ്രകാരം അറസ്റ്റിലായതായി പോലീസ് സ്ഥിരീകരിച്ചു. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് ഇതിൽ ഒരാൾ അന്താരാഷ്ട്ര വിഷയങ്ങളിൽ ഇടപെടുന്ന ഒരു പാർലമെന്ററി ഗവേഷകനാണ്. റിപ്പോർട്ടുകൾ അനുസരിച്ച് ഇയാൾക്ക് നിരവധി കൺസർവേറ്റീവ് എംപിമാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.

ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി കൂടിക്കാഴ്ച നടത്തിയതായി വക്താവ് അറിയിച്ചു. യുകെയുടെ പാർലമെന്ററി ജനാധിപത്യത്തിൽ ചൈനയുടെ ഇടപെടലിനെക്കുറിച്ചുള്ള തന്റെ ആശങ്കയും പ്രധാനമന്ത്രി പങ്കുവച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ല.

അറസ്റ്റിലായ ഗവേഷകന് സുരക്ഷാ മന്ത്രി ടോം തുഗെൻദാറ്റിനും വിദേശകാര്യ കമ്മിറ്റി ചെയർവുമൺ അലിസിയ കെയേഴ്‌സുമായും ബന്ധമുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അറസ്റ്റിലായ രണ്ട് പേരെയും സൗത്ത് ലണ്ടൻ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി, തുടർന്ന് ഒക്ടോബർ ആദ്യം വരെ പോലീസ് ജാമ്യത്തിൽ വിട്ടയച്ചിരിക്കുകയാണ്.