ന്യൂസ് ഡെസ്ക് മലയാളം യുകെ

പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള ഉരുക്ക് നിർമ്മാണത്തിനായി പോർട്ട് ടാൽബോട്ടിലുള്ള ടാറ്റാ സ്റ്റീൽ വർക്സിന് 500 മില്യൺ പൗണ്ട് വരെ യുകെ സർക്കാർ നൽകും. എന്നാൽ പുതിയ സംവിധാനം പ്രാബല്യത്തിൽ വരുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ ജോലി നഷ്ട്മാകും. മലിനീകരണം കുറയ്ക്കുന്നതിൻെറ ഭാഗമായി ടാറ്റാ സ്റ്റീൽ 700 മില്യൺ പൗണ്ട് ചിലവഴിക്കും എന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിൻെറ ഭാഗമായി 3,000 പേർക്ക് തൊഴിൽ നഷ്‌ടം ഉണ്ടാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ വർക്കുകളുടെ ആസ്ഥാനമാണ്. ടിൻ ക്യാനുകൾ മുതൽ കാറുകൾ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ ഈ സ്റ്റീൽ വർക്കിന്റെ സവിശേഷതയാണ്. എന്നാൽ യുകെയിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതും ഇത് തന്നെ. ഇതിന് പിന്നാലെയാണ് സ്റ്റീൽ നിർമ്മാണത്തിനായി പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് നൽകാൻ യുകെ സർക്കാർ സമ്മതിച്ചിരിക്കുന്നത്.

1.25 ബില്യൺ പൗണ്ടിന്റെ ഫർണസുകൾ റെഗുലേറ്ററി, പ്ലാനിംഗ് അനുമതികൾ ലഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടാറ്റാ സ്റ്റീലിൽ യുകെയിൽ ഏകദേശം 8,000 പേരും പോർട്ട് ടാൽബോട്ടിലിൽ 4,000 പേരുമാണ് ജോലി ചെയ്യുന്നത്. കമ്പനി പുതിയ ഫർണസുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്ന് യൂണിയനുകൾ മുമ്പ് പറഞ്ഞിരുന്നു. പുതിയ നീക്കം യുകെയുടെ മുഴുവൻ ബിസിനസ്, വ്യാവസായിക കാർബൺ ഉദ്‌വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സർക്കാർ അധികൃതർ പറഞ്ഞു.