ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : അടുത്ത പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചാൽ യൂറോപ്യൻ യൂണിയനുമായി കൂടുതൽ മെച്ചപ്പെട്ട ബ്രെക്‌സിറ്റ് കരാറിന് ശ്രമിക്കുമെന്ന് കെയർ സ്റ്റാർമർ. കാനഡയിലെ മോൺട്രിയലിൽ സെന്റർ ലെഫ്റ്റ് നേതാക്കളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെയർ. എന്നാൽ കസ്റ്റംസ് യൂണിയനിലോ സിംഗിൾ മാർക്കറ്റിലോ യൂറോപ്യൻ യൂണിയനിലോ വീണ്ടും ചേരുന്നത് അദ്ദേഹം നിരസിച്ചു. അതേസമയം മുൻ കൺസർവേറ്റീവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 2021 ൽ അംഗീകരിച്ച കരാറിൽ വലിയ മാറ്റങ്ങൾ വരുത്താൻ ബ്രസ്സൽസ് തയ്യാറാണോ എന്ന് വ്യക്തമല്ല.
തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ യൂറോപ്യൻ യൂണിയനിൽ വീണ്ടും ചേരാൻ താൻ ശ്രമിക്കില്ലെന്ന് കെയർ പറയുന്നു. “ജോൺസൺ ഉണ്ടാക്കിയ കരാർ ഒരു നല്ല ഇടപാടല്ലെന്ന് മിക്കവാറും എല്ലാവരും തിരിച്ചറിയുന്നു. യുകെയ്‌ക്കായി കൂടുതൽ മികച്ച ഡീൽ നേടാൻ ഞങ്ങൾ ശ്രമിക്കും.” അദ്ദേഹം പറഞ്ഞു, എന്നിരുന്നാലും കരാറിന്റെ ഏതെല്ലാം ഭാഗങ്ങൾ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ബ്രസ്സൽസുമായി ഒരു മികച്ച ഇടപാട് ചർച്ച ചെയ്യാമെന്നും അതോടൊപ്പം വ്യാപാര ബന്ധത്തിന് കഴിയുമെന്ന് ഉറപ്പുണ്ടെന്നും കെയർ വ്യക്തമാക്കി. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച നടത്തി. ഈ ആഴ്ച അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ കാണാൻ അദ്ദേഹം പാരീസിലേക്ക് തിരിക്കും. അവിടെ കൂടുതൽ കാര്യങ്ങളിൽ ചർച്ച ഉണ്ടായേക്കും.
Leave a Reply