ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രണ്ട് കുട്ടികളുടെ മാതാപിതാക്കൾ ഇപ്പോൾ ഹൃദയവേദനയിലാണ്; കാരണം തങ്ങളുടെ മൂന്നാമത്തെ കുട്ടിയ്ക്കും ജീവൻ നിലനിർത്തണമെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണം. നോർത്തംബർലാൻഡിലെ ഹെക്സ്ഹാമിൽ നിന്നുള്ള ഡാരിൽ – സാറ ദമ്പതികളുടെ മക്കളായ ഏരിയൽ (18), നോഹ (23) എന്നിവർക്ക് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ കുട്ടിയായ കാസ്പറിനും (14) വൃക്ക മാറ്റിവയ്ക്കൽ ആവശ്യമായി വരുമെന്ന് ഡോക്ടർമാർ പറഞ്ഞു. വൃക്ക തകരാറിലാക്കുന്ന നെഫ്രോനോഫ്ത്തിസിസ് എന്ന രോഗമാണ് കുട്ടികളെ ബാധിച്ചിരിക്കുന്നത്.
2022 ജൂൺ 30-ന് തന്റെ മകൾ ഏരിയലിന് സാറാ വൃക്ക ദാനം ചെയ്തു. മൂന്ന് മാസത്തിന് ശേഷം ഒരു സുഹൃത്ത് മകൻ നോഹയ്ക്ക് വൃക്ക ദാനം ചെയ്തു. “കാസ്‌പറിനും ഇതേ അവസ്ഥയുണ്ടെന്ന് ഞങ്ങളോട് പറഞ്ഞ നിമിഷം ഞങ്ങൾ രണ്ടുപേരും തളർന്നുപോയി. ഇതെല്ലാം വീണ്ടും എങ്ങനെ നേരിടുമെന്ന് ആശ്ചര്യപ്പെട്ടു.” സാറ പറയുന്നു. 2016-ൽ ഏരിയൽ സ്ഥിരമായി ക്ഷീണിക്കാൻ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ന്യൂകാസിലിലെ റോയൽ വിക്ടോറിയ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ അവൾക്ക് വൃക്കയുടെ തകരാറുണ്ടെന്ന് കണ്ടെത്തി.
2019 ലാണ് നോഹയ്ക്കും സമാന രോഗമാണെന്ന് കണ്ടെത്തിയത്. വൃക്ക തകരാറിലാണെന്ന് കണ്ടെത്തി ഉടൻ തന്നെ ഡയാലിസിസിന് വിധേയനാക്കി. തുടർന്ന് ശസ്ത്രക്രിയ നടത്തി. ‘ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച കാര്യമാണിത്.” വൃക്ക ദാനം ചെയ്തതിനെക്കുറിച്ച് സാറ പറഞ്ഞു. “എന്റെ മകൾക്ക് രണ്ടാം ജന്മം നൽകാൻ എനിക്ക് കഴിഞ്ഞു എന്നറിയുന്നത് ഒരു അനുഗ്രഹമാണ്.” സാറ കൂട്ടിച്ചേർത്തു. നിലവിൽ 5,600 പേർ യുകെയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വെയ്റ്റിംഗ് ലിസ്റ്റിലുണ്ടെന്ന് നോഹയെ ചികിത്സിക്കുന്ന ന്യൂകാസിൽ ഫ്രീമാൻ ഹോസ്പിറ്റലിലെ കിഡ്നി സ്‌പെഷ്യലിസ്റ്റ് പ്രൊഫ ജോൺ സയർ പറഞ്ഞു.
Leave a Reply