ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പുരുഷന്മാർക്കും സ്ത്രീകളെ പോലെ ആർത്തവവിരാമത്തിന് അവധി നൽകാനുള്ള എൻഎച്ച്എസ് തീരുമാനത്തെ സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തിരിക്കുകയാണ്. പുരുഷന്മാർക്ക് ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ ഒരു വർഷം വരെ അവധി നൽകുന്നത് പരിഗണിക്കാമെന്ന ഒരു എൻ എച്ച് എസ് ട്രസ്റ്റ് മേധാവികളോടെ അറിയിച്ചതിന് പിന്നാലെയാണ് പുതിയ വിവാദങ്ങൾ ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള പുരുഷന്മാർക്ക് പ്രത്യേകം യൂണിഫോമുകളും, പോർട്ടബിൾ ഫാനുകളും, മറ്റും നൽകാനും അതോടൊപ്പം തന്നെ ആവശ്യമെങ്കിൽ ഷിഫ്റ്റ് പാറ്റെർണുകളിൽ മാറ്റം നൽകാനും മാനേജർമാർക്ക് നിർദ്ദേശമുണ്ട്. പുരുഷന്മാർ ഇത്തരത്തിലുള്ള ലക്ഷണം അനുഭവിക്കുമ്പോൾ അത് പറയുവാൻ യാതൊരുവിധ തരത്തിലുള്ള നാണക്കേടും തോന്നരുതെന്ന് ഹെൽത്ത് സർവീസ് എംപ്ലോയ്മെന്റ് ബോഡി നൽകിയ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ എൻഎച്ച്എസ്സിന്റെ ഈ തീരുമാനം തികച്ചും വിഡ്ഢിത്തം ആണെന്നും, യാതൊരുവിധ തരത്തിലുള്ള ശാസ്ത്രബോധം ഇല്ലാതെയുള്ളതാണെന്നും നിരവധി പേർ കുറ്റപ്പെടുത്തി.
എന്നാൽ ഇത് രാജ്യത്തുടനീളം നിലനിൽക്കുന്ന ഒരു തീരുമാനമാണെന്ന കാര്യത്തിൽ ഇനിയും സംശയങ്ങൾ ഉണ്ട്. ഇത് ഒരു ദേശീയ തീരുമാനം അല്ലെന്ന നിഗമനത്തിലാണ് എൻഎച്ച്എസ് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്. ഈസ്റ്റ് മിഡ്ലാൻഡ് ആംബുലൻസ് സർവീസ് ആണ് ആദ്യമായി ആർത്തവം വിരാമത്തിന്റെ ലക്ഷണങ്ങൾ അനുഭവിക്കുന്ന പുരുഷന്മാർക്ക് ഒരു വർഷം വരെ അവധിയെടുക്കാനുള്ള അനുമതി നൽകിയത്. സ്ത്രീകൾക്ക് ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങളെപ്പോലെ, നാല്പതുകളുടെ അവസാനം പുരുഷന്മാർക്ക് ഉണ്ടാകുന്ന ചില ലക്ഷണങ്ങളാണ് പുരുഷന്മാരിൽ ഇതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് യാഥാർത്ഥ്യമാണോ എന്നത് സംബന്ധിച്ച് വിദഗ്ധർക്കിടയിൽ പോലും ഐക്യമായ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. അതിനിടയിൽ ഒരു എൻഎച്ച്എസ് ട്രസ്റ്റിന്റെ ഈ തീരുമാനം പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
Leave a Reply