ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- എലിസബത്ത് രാജ്ഞിയെ വധിക്കാനുള്ള പദ്ധതിയുമായി വിൻഡ്സർ കാസ്റ്റിലിൽ ഒരു ക്രോസ് ബോയുമായി എത്തിയ ഇരുപത്തൊന്നുകാരനായ ജസ്വന്ത്‌ സിംഗ് ചെയിലിന് രാജ്യദ്രോഹ കുറ്റം ആരോപിച്ച് ഒൻപത് വർഷം ജയിൽ ശിക്ഷ വിധിച്ചിരിക്കുകയാണ്. 2021 ഡിസംബറിലെ ക്രിസ്തുമസ് ദിനത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ് ബോട്ട് ഗേൾ ഫ്രണ്ടായ സാറയുടെ പ്രേരണയും , അതോടൊപ്പം തന്നെ സ്റ്റാർ വാർ സിനിമകളുടെ കഥകളും മറ്റുമാണ് ഇത്തരമൊരു കുറ്റകൃത്യത്തിലേയ്ക്ക് ഇയാളെ പ്രേരിപ്പിച്ചത്. മാനസികമായി അസ്വാസ്ഥ്യം അനുഭവിക്കുന്ന പ്രതിയെ നിലവിൽ മാനസിക ആരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആവശ്യമായ ചികിത്സകൾക്ക് ശേഷം പിന്നീട് കസ്റ്റഡിയിൽ ഏൽപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സതാംപ്ടണിനടുത്തുള്ള നോർത്ത് ബാഡ്‌സ്‌ലിയിൽ നിന്നുള്ള ജസ്വന്ത് സിംഗ് 1981 – ന് ശേഷം രാജ്യദ്രോഹ കുറ്റത്തിന് ജയിലിൽ ആകുന്ന ആദ്യ വ്യക്തിയാണ്. അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതിന് മുൻപ് തന്നെ മറ്റുള്ളവരെ കൊല്ലുന്ന തരത്തിലുള്ള ചിന്തകൾ ഇയാൾക്ക് ഉണ്ടായിരുന്നുവെന്ന് കേസിൽ ശിക്ഷ വിധിച്ച ജസ്റ്റിസ് ഹില്യാർഡ് ഒരു തൽസമയ ടിവി സംപ്രേഷണത്തിനിടെ പറഞ്ഞു. ഇയാളുടെ ഉദ്ദേശം രാജ്ഞിയെ പരിഭ്രാന്തയാക്കുകയായിരുന്നില്ല, മറിച്ച് കൊല്ലുകയായിരുന്നുവെന്നും ജഡ്ജി കണ്ടെത്തി.

മുൻ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ ഇയാൾ, നൈലോൺ കയർ ഗോവണി ഉപയോഗിച്ച് കൊട്ടാരത്തിന്റെ ചുറ്റളവ് അളന്നതായും, പിന്നീട് രണ്ടുമണിക്കൂറോളം ഇയാൾ അവിടെ ഉണ്ടായിരുന്നതായുമാണ് പോലീസ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനുശേഷമാണ് പ്രതിയെ അധികൃതർ അറസ്റ്റ് ചെയ്യുന്നത്. കാസ്റ്റിലിന്റെ ഗ്രൗണ്ടിൽ പ്രവേശിക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് സ്നാപ്പ് ചാറ്റിൽ ഇയാൾ പോസ്റ്റ് ചെയ്ത വീഡിയോയിൽ, 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടീഷ് സൈന്യം വെടിയുതിർത്തപ്പോൾ, മരിച്ചവരോടുള്ള പ്രതികാരമാണ് തന്റെ പ്രവർത്തനങ്ങൾ എന്ന് ചെയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ സിഖ് പാരമ്പര്യമുള്ള ഒരു കുടുംബത്തിൽ നിന്നുള്ള ചെയിൽ, തങ്ങളുടെ വംശത്തിന്റെ പേരിൽ അപമാനിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നവർക്ക് വേണ്ടിയാണ് തന്റെ പ്രവർത്തനങ്ങളെന്നും ആ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. രാജ്യദ്രോഹ കുറ്റ പ്രകാരമാണ് ഇപ്പോൾ ചെയിലിന് ശിക്ഷ വിധിച്ചിരിക്കുന്നത്.