ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെയിലെ യഹൂദ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടികൾ എടുക്കുമെന്ന് പ്രധാനമന്ത്രി ഋഷി സുനക്. കഴിഞ്ഞ ആഴ്ചയിൽ ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ യഹൂദവിരുദ്ധ സംഭവങ്ങൾ ഉയർന്ന് വരുന്നതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. പരസ്യമായോ പരോക്ഷമായോ ഹമാസിനെ പിന്തുണയ്ക്കുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. പരസ്യമായി ഇസ്രയേലിനൊപ്പം നിൽക്കുന്ന ബ്രിട്ടൻ ഹമാസിനെതിരായ നിലപാടുകൾ ഇനി കടുപ്പിക്കും. വിദേശ പൗരന്മാരോ വിദേശ വിദ്യാർത്ഥികളോ ഹമാസിനെ പിന്തുണയ്ക്കുന്ന സമീപനം സ്വീകരിച്ചാൽ അവരുടെ വിസ റദ്ദാക്കാനാണ് ഹോം ഓഫീസിൻെറ തീരുമാനം.

പാലസ്‌തീൻ തീവ്രവാദ സംഘടനയിലെ തീവ്രവാദികൾ ഗാസ അതിർത്തി വഴി കടന്ന് 1,400 ലധികം പേരുടെ ജീവനാണ് അപഹരിച്ചത്. ഇതുവരെ 199 പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇതിന് പിന്നാലെ ഗാസയിൽ ഇസ്രായേൽ നടത്തിയ തിരിച്ചടിയിൽ ഏകദേശം 2,700 പേരാണ് കൊല്ലപ്പെട്ടത്. നിലവിൽ ഹമാസിനെ ലക്ഷ്യം വച്ച് ഗാസയിൽ ഒരു കര ആക്രമണം നടത്താൻ ഇസ്രായേൽ തയ്യാറെടുക്കുകയാണ്. ഗാസയുടെ വടക്ക് ഭാഗത്തുള്ള 1.1 മില്യൺ ജനങ്ങളിൽ ഏകദേശം 400,000 പേർ ഇസ്രായേലിന്റെ അഭ്യർത്ഥന മാനിച്ച് തെക്കോട്ട് നീങ്ങിയതായി ഹമാസ് അറിയിച്ചു. ആക്രമണത്തിന് പിന്നാലെ 17 ബ്രിട്ടീഷ് പൗരന്മാർ മരിച്ചതായി സ്ഥിരീകരിച്ചു.

വിവിധ യൂണിവേഴ്‌സിറ്റികളിലെ വിദ്യാർത്ഥികളും അധ്യാപകരും ഇസ്രയേലിനെതിരെയുള്ള ഹമാസിൻെറ ആക്രമണത്തിന് പിന്നാലെ തീവ്രവാദ സംഘടനയെ അനുകൂലിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ഫ്രാൻസിൽ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുന്ന വിദേശ പൗരന്മാരെ മൂന്നു ദിവസത്തിനുള്ളിൽ പുറത്താക്കുമെന്ന് വിദേശകാര്യ മന്ത്രി ജെറാൾഡ് ഡാർമെൻ നേരത്തെ അറിയിച്ചിരുന്നു.