ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ -ഗാസ സംഘർഷത്തിലെ തൻറെ നിലപാടുകളെ ചൊല്ലി ലേബർ പാർട്ടിയിൽ കെയർ സ്റ്റാർമർ കൂടുതൽ ഒറ്റപ്പെടുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലേബർ പാർട്ടിയിൽ നിന്നുള്ള മേയർമാരായ സാദിഖ് ഖാൻ, ആൻഡി ബേൺഹാം, സ്കോട്ടിഷ് ലേബർ നേതാവ് അനസ് സർവാർ എന്നിവരുടെ ഭിന്നാഭിപ്രായമാണ് പാർട്ടിയിലെ പൊട്ടിത്തെറി വീണ്ടും ചർച്ചയാക്കിയിരിക്കുന്നത്.
ഇസ്രയേൽ – ഗാസ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സർ കെയർ സ്റ്റാർമർ ഇതുവരെ വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടില്ല. മറിച്ച് ഗാസയിൽ ഉപരോധത്തിൽപ്പെട്ട് ഒറ്റപ്പെട്ട ജനങ്ങൾക്ക് സഹായം എത്തിക്കുമെന്ന നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് പാർട്ടിയിൽ അമർഷം ഉരുണ്ടു കൂടിയിരിക്കുന്നത്.
യുകെയും യുഎസും ഇതുവരെ സംഘർഷ മേഖലയിൽ സമ്പൂർണ്ണ വെടി നിർത്തൽ വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. ലേബർ പാർട്ടിയിലെ മുതിർന്ന നേതാവായ സ്റ്റീവ് റീസ് കെയറിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. വരുന്ന പൊതു തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർന്നു വരുന്ന കെയർ സ്റ്റാർമറിന് ഇസ്രയേൽ – ഗാസ സംഘർഷത്തിലെ നിലപാട് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പൊതുവേ വിലയിരുത്തുന്നത്.
Leave a Reply