ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിലെ പ്രമുഖ പ്രൈവറ്റ് സ്കൂളായ ഈറ്റൺ കോളേജിലെ മുൻ അധ്യാപകനെതിരെ പീഡന ആരോപണം ഉയർന്നിരിക്കുകയാണ്. കൗമാരക്കാരനായ വിദ്യാർത്ഥിയെ നിരവധി തവണ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയനാക്കി എന്നതാണ് ആരോപണം. മുപ്പത്തിയഞ്ചുകാരനായ ജേക്കബ് ലെലാൻഡിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. 2010 മുതൽ 2012 വരെ ഇയാൾ സ്കൂളിൽ ജോലി ചെയ്തിരുന്ന സമയത്ത്, കൗമാരക്കാരനായ വിദ്യാർത്ഥിയെ പതിനാലോളം തവണ പീഡനത്തിനിരയാക്കി എന്ന ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. നോർത്ത് ലണ്ടനിലെ കാംഡനിൽ നിന്നുള്ള ലെലാൻഡ് ആധുനിക ഭാഷാ വിഭാഗത്തിലാണ് പഠിപ്പിച്ചിരുന്നത്. ബുധനാഴ്ച മജിസ്ട്രേറ്റ് കോടതിയിൽ നടന്ന ഹിയറിംഗിൽ അദ്ദേഹം കുറ്റം നിഷേധിച്ചു.
ആരോപണം ഉന്നയിച്ച വിദ്യാർത്ഥിയോടൊപ്പം ഈറ്റൺ കോളേജ് നിലകൊള്ളുമെന്ന് അധികൃതർ തങ്ങളുടെ നിലപാട് അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ആണ് കോളേജിന് എപ്പോഴും മുഖ്യമെന്നും അധികൃതർ വ്യക്തമാക്കി. ബ്രിട്ടനിലെ തന്നെ വളരെ പ്രശസ്തമായ ഒരു പ്രൈവറ്റ് സ്കൂളാണ് ഈറ്റൺ കോളേജ്. കേസിൽ കോടതിവിധി ഉടൻ ഉണ്ടാകും.
Leave a Reply