ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇന്ത്യയിൽ ഏറ്റവും വ്യാപകമായി ആഘോഷിക്കുന്ന ഉത്സവങ്ങളിലൊന്നാണ് ദീപാവലി. ഇരുട്ടിന്മേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്ക്കെതിരെ അറിവിൻറെയും വിജയത്തെയാണ് ദീപാവലി സൂചിപ്പിക്കുന്നത്. ദീപാവലിയുടെ ചരിത്രം മതപരവും സാംസ്കാരികവുമായ പാരമ്പര്യത്തിൽ വേരൂന്നിയതാണ്.

ഇന്ത്യയിൽ വ്യാപകമായി ആഘോഷിക്കുന്ന ദീപാവലി യുകെയിലെ ഇന്ത്യൻ വംശജരെയും കടന്ന് തദ്ദേശവാസികളും ഏറ്റെടുത്തതിന്റെ വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ വർഷം ദീപാവലിയോട് ബന്ധപ്പെട്ട സാധനങ്ങൾ യുകെയിലെ സൂപ്പർമാർക്കറ്റുകൾ വ്യാപകമായി സംഭരിച്ചിരുന്നു. പ്രത്യേകം തയ്യാറാക്കിയ തിരികൾ, നെയ്യ് ,അരി ,ഇന്ത്യൻ പലഹാരങ്ങൾ എന്നിവ എല്ലാ സൂപ്പർ മാർക്കറ്റുകളും വ്യാപകമായി ലഭ്യമാക്കിയിരുന്നു. ലണ്ടനിലെ സൗത്താളിലുള്ള പല സൂപ്പർമാർക്കറ്റുകളിലും ദീപാവലി സ്പെഷ്യൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള പ്രത്യേക വിഭാഗങ്ങൾ ക്രമീകരിച്ചിരുന്നു. പടിഞ്ഞാറൻ ലണ്ടനിലെ സൗത്താളുമായി ദക്ഷിണേഷ്യൻ സമൂഹത്തിന് ആഴത്തിലുള്ള ബന്ധം പണ്ടു തന്നെയുണ്ട്.

എന്നാൽ പല പ്രാദേശിക ബിസിനസുകാർക്കും ദീപാവലിക്കാലം നഷ്ടമുണ്ടാക്കിയതായുള്ള വാർത്തകളും പുറത്തുവന്നു. എല്ലാ സൂപ്പർമാർക്കറ്റുകളും ദീപാവലി ഉത്പന്നങ്ങൾ വ്യാപകമായി സംഭരിക്കാനും വിറ്റഴിക്കാനും തുടങ്ങിയതാണ് ചെറുകിട ബിസിനസുകാർക്ക് പ്രശ്നമായത്. എന്നാൽ വലിയ സൂപ്പർമാർക്കറ്റുകൾ ദീപാവലി ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ആരംഭിച്ചതു മൂലം എല്ലാവർക്കും ഇത്തരം ഉത്പന്നങ്ങളും ഭക്ഷണങ്ങളും ലഭിക്കാനും പരിചയപ്പെടുത്താനുമുള്ള അവസരം കൈ വന്നതായും പലരും അഭിപ്രായപ്പെട്ടു. ടെസ്കോ ഉൾപ്പെടെയുള്ള സൂപ്പർമാർക്കറ്റുകൾ ദീപാവലിക്ക് സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഇത് പല ചെറുകിട കച്ചവടക്കാരുടെയും കച്ചവടം കുറയാൻ കാരണമായി.