20040 ഓടെ ഇംഗ്ലണ്ടിൽ സെർവിക്കൽ ക്യാൻസർ പൂർണ്ണമായും തുടച്ചുനീക്കാനുള്ള നടപടികളുമായി എൻഎച്ച്എസ്. 99% സെർവിക്കൽ ക്യാൻസറിന് കാരണമാകുന്ന ഹ്യൂമർ പാപ്പിലോമ വൈറസിനെ (എച്ച് പി വി ) ഇല്ലാതാക്കാനുള്ള പദ്ധതിയുമായാണ് എൻഎച്ച് എസ് മുന്നോട്ട് നീങ്ങുന്നത്. എൻഎച്ച്എസ് പ്രൊവൈഡേഴ്സിന്റെ വാർഷിക സമ്മേളനത്തിൽ പദ്ധതിയുടെ വിശദാംശങ്ങൾ എൻഎച്ച്എസ് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിച്ചാർഡ് ആണ് അവതരിപ്പിച്ചത് .
ഇംഗ്ലണ്ടിൽ പ്രതിവർഷം 2700 സ്ത്രീകൾക്കാണ് ഗർഭാശയ അർബുദം കണ്ടെത്തുന്നത്. സെർവിക്കൽ ക്യാൻസർ വരുന്നത് പ്രതിരോധിക്കുന്നതിലൂടെ ഒട്ടേറെ പേരുടെ ജീവൻ രക്ഷിക്കാനാകും. സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കുന്നത് എൻഎച്ച്എസിനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ നേട്ടമായിരിക്കുമെന്ന് അമൻഡ പ്രിച്ചാർഡ് പറഞ്ഞു . എച്ച് പി വി വാക്സിനേഷൻ പ്രോഗ്രാമും സെർവിക്കൽ സ്ക്രീനിങ് പ്രോഗ്രാമും ഫലപ്രദമായി സംയോജിപ്പിച്ച് ലക്ഷ്യം കൈവരിക്കാനാണ് എൻഎച്ച്എസ് പദ്ധതി ഇട്ടിരിക്കുന്നത് .
എൻഎച്ച്എസ് അടുത്തിടെ എച്ച് പി വി വാക്സിനേഷൻ രണ്ടിനു പകരം ഒറ്റ ഡോസ് ആയി കൂടുതൽ ഫലപ്രദമായ രീതിയിൽ നടപ്പിലാക്കാൻ ആരംഭിച്ചിരുന്നു. ഇത് ഇപ്പോൾ സ്കൂളുകളിൽ ഇയർ 8 – ൽ പഠിക്കുന്ന 12 അല്ലെങ്കിൽ 13 വയസ്സുള്ള പെൺകുട്ടികൾക്കാണ് നൽകുന്നത്. അർഹതപ്പെട്ടവർക്ക് അവരുടെ 25 വയസ്സ് വരെ വാക്സിനേഷൻ എടുക്കാൻ സാധിക്കും. എച്ച് പി വി വാക്സിൻ എടുക്കുന്നതിനും സ്ക്രീനിംഗ് ടെസ്റ്റുകൾക്കുമായി ആളുകൾ മുന്നോട്ടു വരണമെന്ന് എൻഎച്ച്എസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെർവിക്കൽ ക്യാൻസർ പലപ്പോഴും രോഗത്തിൻറെ ആദ്യഘട്ടത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കാണിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ എൻഎച്ച്എസ് പരിശോധനകൾക്കായി ക്ഷണിക്കുമ്പോൾ പങ്കെടുക്കുന്നത് വളരെ സുപ്രധാനമാണെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ക്യാൻസറിനായുള്ള ദേശീയ ക്ലിനിക്കിന്റെ ഡയറക്ടർ പ്രൊഫ. പീറ്റർ ജോൺസൺ പറഞ്ഞു.
Leave a Reply