ന്യൂസ് ഡെസ്ക് മലയാളം യുകെ
മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലമുള്ള അപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് ക്രിസ്തുമസ് ന്യൂ ഇയർ പോലുള്ള അവസരങ്ങളിൽ കൂടുതൽ ഒത്തുചേരലുകളും പാർട്ടികളും നടക്കുന്ന സമയത്ത് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണ്. മദ്യം കുടിക്കുമ്പോൾ അതിലുള്ള ആൾക്കഹോളിന്റെ അളവിനെ കുറിച്ച് ഡ്രൈവർമാർ കടുത്ത ജാഗ്രത പുലർത്തണമെന്ന് ഡോക്ടർമാർ പറയുന്നു.
മദ്യം കഴിച്ചതിനുശേഷം ഒരു കാരണവശാലും വാഹനം ഓടിക്കരുത് എന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്. പലപ്പോഴും പബ്ബുകളിലും മറ്റും വിൽക്കുന്ന മദ്യത്തിൽ ഉയർന്ന തോതിൽ ആൾക്കഹോൾ കണ്ടന്റ് ഉണ്ടെന്നുള്ളതുകൊണ്ടുതന്നെ വാഹനം ഓടിക്കുന്നവർ എത്ര യൂണിറ്റ് മദ്യം കഴിക്കാമെന്നതിനെ കുറിച്ച് പറയാൻ സാധിക്കുന്നില്ല എന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്. അതു മാത്രമല്ല മദ്യം കഴിക്കുന്നയാൾ നിയമപരമായി ഡ്രിങ്ക് ഡ്രൈവ് പരുധിക്ക് താഴെയാണെന്ന് മനസ്സിലാക്കാനുള്ള സുരക്ഷിതമായ മാർഗ്ഗങ്ങളുടെ അഭാവവും ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.
പല പാനീയങ്ങളും കൂടുതൽ ശക്തമാണ് എന്ന് ആളുകൾ മനസ്സിലാക്കുന്നില്ലെന്ന് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പ്രസിഡൻറ് സർ ഇയാൻ ഗിൽമോർ പറഞ്ഞു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 260 പേരാണ് മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലം മരണമടയുന്നത്. റോഡ് അപകട മരണങ്ങളിൽ അഞ്ചിൽ ഒന്നും മദ്യപിച്ച് വാഹനം ഓടിക്കുന്നതു മൂലമാണ് സംഭവിക്കുന്നത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും നിയമമനുസരിച്ച് നൂറു മില്ലി രക്തത്തിൽ 80 മില്ലിഗ്രാം ആൾക്കഹോൾ വരെ അനുവദനീയമാണ്. പുരുഷന്മാർ 4 യൂണിറ്റും സ്ത്രീകൾ 3 യൂണിറ്റും മദ്യം കഴിക്കുന്നത് അനുവദനീയമായ ഈ പരിധികളിൽ നിൽക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ മദ്യത്തിലെ ആൽക്കഹോളിന്റെ അളവ് വ്യത്യാസപ്പെടുന്നത് അനുസരിച്ച് ഈ യൂണിറ്റുകളും മാറും. അതായത് ഒന്നോ രണ്ടോ യൂണിറ്റുകൾ കഴിയുമ്പോൾ തന്നെ അനുവദനീയമായ പരുധിക്ക് അപ്പുറം പോയേക്കാം. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ വാർഷിക സമ്മേളനം രക്തത്തിൽ അനുവദനീയമായ ആൽക്കഹോളിന്റെ പരിധി 50 മില്ലിഗ്രാം ആയി കുറയ്ക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയ ന്യൂസിലാൻഡ് എന്നിവിടങ്ങളിലും ഇതാണ് വാഹനം ഓടിക്കുന്നതിന് അനുവദനീയമായ മദ്യത്തിൻറെ പരുധി
Leave a Reply