ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- അടുത്തയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ഓമിഡ് സ്‌കോബിയുടെ പുതിയ പുസ്തകം ബ്രിട്ടീഷ് രാജകുടുംബത്തിന് മേൽ പുതിയ ഒരു ബോംബ് ഷെല്ലായി മാറിയിരിക്കുകയാണ്. രാജകുടുംബത്തിലെ തന്നെ രണ്ടുപേർ തന്റെ മകൻ ആർച്ചിയുടെ ചർമ്മത്തിന്റെ നിറത്തെ സംബന്ധിച്ച് ആശങ്കകൾ ഉള്ളവരാണെന്ന് മേഗൻ മാർക്കിൾ ആരോപിച്ചതായി പുസ്തകത്തിൽ സ്‌കോബി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം പരാമർശങ്ങൾ നടത്തിയത് ആരൊക്കെ ആണെന്നത് സംബന്ധിച്ച് മേഗൻ ചാൾസ് രാജാവിന് തുറന്ന കത്ത് എഴുതിയതായും ഒമിഡ് സ്‌കോബിയുടെ പുതിയ വോളിയം ‘എൻഡ്‌ഗെയിം’ അവകാശപ്പെടുന്നു.

2021-ൽ ഓപ്ര വിൻഫ്രെയുമായുള്ള ഹാരിയുടെയും മേഗന്റെയും അഭിമുഖത്തിന്റെ പശ്ചാത്തലത്തിൽ പൊട്ടിപ്പുറപ്പെട്ട ‘രാജകീയ വംശീയ’ തർക്കം വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കകൾ ഇതോടെ ശക്തമായിരിക്കുകയാണ്. ചൊവ്വാഴ്ച പുറത്തിറങ്ങാൻ ഇരിക്കുന്ന ബ്രിട്ടീഷ് റിപ്പോർട്ടറും എഴുത്തുകാരനുമായ സ്‌കോബിയുടെ ‘എൻഡ്ഗേമി’ന്റെ കുറച്ചു ഭാഗങ്ങൾ ഫ്രഞ്ച് മാസികയായ പാരിസ് മാച്ചിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ഹാരിയുടെ ഓർമ്മക്കുറിപ്പ് സ്‌പെയർ പുറത്തിറക്കിയതിന് ശേഷം ഹാരിയെ വിശ്വസിക്കരുതെന്ന് രാജകുടുംബത്തിൽ ഒരു സന്ദേശം പ്രചരിച്ചിരുന്നതായും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. ചൊവ്വാഴ്ച പുറത്തിറങ്ങാൻ ഇരിക്കുന്ന പുസ്തകം വീണ്ടും രാജകുടുംബത്തിൽ മുറിവുകൾ ഉണ്ടാക്കുമെന്നാണ് നിലവിലെ വിവാദങ്ങൾ വ്യക്തമാക്കുന്നത്. ചാൾസ് രാജാവിനെ അത്ര ജനപ്രിയനല്ലാത്ത രാജാവായും, വില്യമിനെ അധികാരത്തിനു വേണ്ടി ദാഹിക്കുന്ന ഒരു വ്യക്തിയായും, ഹാരിയെ സ്വന്തം കുടുംബം തന്നെ ഒറ്റി കൊടുത്തതായുമാണ് പുസ്തകം ചിത്രീകരിക്കുന്നത്.


രാജകുടുംബത്തിന്റെ കൂടുതൽ വിവാദങ്ങളിലേക്ക് വരാൻ ആഗ്രഹിക്കാത്തതിനാലാണ് മേഗൻ ചാൾസ് രാജാവിന്റെ കിരീട ധാരണ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. എന്നാൽ ഇത്തരം സാഹചര്യത്തിലും ഇരുവരും തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങൾ ചാൾസ് രാജാവിന് അയച്ച് ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് പുതിയ വിവരങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ എലിസബത്ത് രാജ്ഞിയുടെ അന്ത്യ നിമിഷങ്ങളെ സംബന്ധിച്ച് ഹാരിക്ക് കൂടുതൽ അറിവ് ഉണ്ടായിരുന്നില്ലെന്നും പുസ്തകം വെളിപ്പെടുത്തുന്നുണ്ട്. പുതിയ വിവാദങ്ങളെ സംബന്ധിച്ച് രാജകുടുംബത്തിന്റെ ഭാഗത്തു നിന്നും ഇതു വരെയും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.