ന്യൂസ് ഡെസ്ക് മലയാളം യുകെ
കുടിയേറ്റം കുറയ്ക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞദിവസം ആഭ്യന്തര സെക്രട്ടറി പ്രഖ്യാപിച്ച പുതിയ നിയമങ്ങൾ ബ്രിട്ടനിലേയ്ക്ക് ജോലിക്കായും പഠനത്തിനായും വരാൻ ആഗ്രഹിച്ചിരുന്ന നല്ലൊരു ശതമാനം ആൾക്കാർക്ക് കടുത്ത നിരാശ സമ്മാനിക്കുന്നതായിരുന്നു . ഫാമിലി വിസയ്ക്കുള്ള ഏറ്റവും കുറഞ്ഞ വരുമാനപരുധി 38,700 പൗണ്ടായി ഉയർത്തിയതാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. നേരത്തെ ഇത് 18,000 പൗണ്ട് ആയിരുന്നു. ഇതോടെ ബ്രിട്ടനിൽ ജോലി ചെയ്യുന്ന മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ തങ്ങളുടെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ട് ജീവിക്കേണ്ടതായി വരും. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് വിമർശനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
പുതിയ കുടിയേറ്റ നിയമങ്ങൾ മൂലം യുകെയിലേക്ക് മടങ്ങാനുള്ള തങ്ങളുടെ സ്വപ്നങ്ങൾ തകിടം മറിച്ചതായി യുവ ശാസ്ത്ര ദമ്പതികളായ ജോസിയും ജോവാൻ ഫെറർ ഒബിയോളും മാധ്യമങ്ങളോട് പറഞ്ഞതിന് വൻ വാർത്താ പ്രാധാന്യമാണ് ലഭിച്ചിരിക്കുന്നത്. ബെൽഫാസ്റ്റിൽ നിന്നുള്ള 24 കാരനായ ലീയ്ക്ക് അവൻ സ്നേഹിച്ച് വിവാഹം കഴിക്കുന്ന പെൺകുട്ടിയെ യുകെയിലേയ്ക്ക് കൊണ്ടുവരാനാവില്ല. എനിക്ക് അവളോടൊപ്പം ജീവിക്കാനാവില്ലെന്നും പുതിയ കുടിയേറ്റ നിയമം തന്റെ ജീവിതം നശിപ്പിച്ചതായും ലീ മാധ്യമങ്ങളോട് പറഞ്ഞു. ലീയുടെ പ്രതിശ്രുത വധു സാറാ മലേഷ്യക്കാരിയാണ്. മൂന്നുവർഷം മുമ്പ് ലീഡ്സിൽ വച്ച് എൻജിനീയറിംഗ് പഠനത്തിനിടയിലാണ് അവർ കണ്ടുമുട്ടിയത്. അടുത്തവർഷം ഫെബ്രുവരിയിൽ വിവാഹം കഴിച്ച് യുകെയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകാനാണ് ലീ പദ്ധതിയിട്ടിരുന്നത്. ഒരു ഗവേഷകനായി ജോലി ചെയ്യുന്ന ലീയുടെ ശമ്പളം 26,000 പൗണ്ട് ആണ് . ഫാമിലി വിസയ്ക്കുള്ള ശമ്പള പരുധിയിൽ കുറവുള്ളതുകൊണ്ട് ലിയ്ക്ക് തന്റെ പ്രതിശ്രുത വധുവിനെ വിവാഹശേഷം യുകെയിലേക്ക് കൊണ്ടുവരാൻ സാധിക്കാത്തത് .
ലീയുടെയും സാറയുടെയും ഒരു ഒറ്റപ്പെട്ട സംഭവമല്ല. താരതമ്യേന ഉയർന്ന ജോലിയായ ഗവേഷകനെന്ന നിലയിൽ ഫാമിലി വിസ കിട്ടാത്ത സാഹചര്യത്തിൽ ഇതിലും കുറഞ്ഞ ശമ്പളം ലഭിക്കുന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർ എങ്ങനെ തങ്ങളുടെ പ്രിയപ്പെട്ടവരെ യുകെയിലേക്ക് കൊണ്ടുവരുമെന്നാണ് പുതിയ കുടിയേറ്റ നിയമത്തിന്റെ വിമർശകർ ഉന്നയിക്കുന്ന പ്രധാന ചോദ്യം. പുതിയ കുടിയേറ്റ നയം യുകെയിലേയ്ക്ക് വരാനായി ആഗ്രഹിക്കുന്ന ഭൂരിപക്ഷം മലയാളികളെയും പ്രതികൂലമായി ബാധിക്കും. ഒട്ടേറെ മലയാളികളാണ് കുടുംബവുമായി യുകെയിലെത്താൻ കെയർ വിസയെയും സ്റ്റുഡൻറ് വിസയെയും ആശ്രയിക്കുന്നത്. വിസ ലഭിക്കുന്നതിനുള്ള ശമ്പള പരുധിയിൽ നിന്ന് എൻഎച്ച്എസ് ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്വകാര്യ കെയർ മേഖലയിൽ ജോലിക്കായി വരുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല. കെയർ വിസയിൽ വരുന്നവരുടെ ആശ്രിതർക്ക് വിസ ലഭിക്കില്ലെന്ന പുതിയ നിയമം മലയാളികളെ സാരമായി തന്നെ ബാധിക്കും എന്നാണ് വിലയിരുത്തുന്നത് .
Leave a Reply