ന്യൂസ് ഡെസ്ക് മലയാളം യുകെ

കേബിളുകൾ തകരാറിലായതിനെ തുടർന്ന് ലണ്ടനിലെ തിരക്കേറിയ എലിസബത്ത് ലൈനിൽ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി . ഓവർ ഹെഡ് കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് ലണ്ടനിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനിലെ അകത്തേക്കും പുറത്തേക്കുമുള്ള വഴികൾ അടഞ്ഞതിനെ തുടർന്നാണ് യാത്രക്കാർ മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതെ ട്രെയിനുകളിൽ കുടുണ്ടേണ്ടതായി വന്നത്. ഇതിനെ തുടർന്ന് പാസിംഗ് ടണിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും നിർത്തി വയ്ക്കേണ്ടതായി വന്നതായി നാഷണൽ റെയിൽ അറിയിച്ചു.

എലിസബത്ത് ലൈൻ, ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ , ഹീത്രു എക്സ്പ്രസ് എന്നിവയെയും ഈ പ്രശ്നം ബാധിച്ചു. ഇന്ന് വ്യാഴാഴ്ച കൂടി ട്രെയിൻ ഗതാഗത തടസ്സം നീണ്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ . മണിക്കൂറുകളോളം വൈദ്യുതി ഇല്ലാതെ ട്രെയിനിൽ കുടുങ്ങിയതായി യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ കൂടി തങ്ങളുടെ രോക്ഷം പ്രകടിപ്പിച്ചു. യാത്രക്കാരുടെ സുരക്ഷയെ കരുതി ലണ്ടൻ പാസിംഗ്ടണിനും റീഡിംഗിനുമിടയിൽ എല്ലാ ട്രെയിനുകളും നിർത്തിയതായി നെറ്റ്‌വർക്ക് റെയിൽ പത്രക്കുറിപ്പിൽ അറിയിച്ചു. നിങ്ങൾ ഒരു ട്രെയിനിൽ ആണെങ്കിൽ എമർജൻസി സർവീസുകളോ റെയിൽവേ ജീവനക്കാരോ നിങ്ങൾക്ക് കൂടുതൽ നിർദ്ദേശം നൽകുന്നതുവരെ തൽസ്ഥാനത്ത് തുടരാനുള്ള അടിയന്തിര നിർദേശമാണ് യാത്രക്കാർക്ക് നൽകിയത്.


മുടങ്ങിയ സർവീസുകൾ ഒന്നും തന്നെ വിമാനത്താവളത്തിന് പുറത്തേക്കോ അകത്തേയ്ക്കോ ഇല്ലെന്ന് ഹീത്രു എയർപോർട്ട് അറിയിച്ചിട്ടുണ്ട് . നാല് എലിസബത്ത് ലൈനിലുള്ള ട്രെയിനുകൾ കുടുങ്ങി കിടക്കുന്നുണ്ടെന്നും യാത്രക്കാരെ ഒഴിപ്പിക്കുന്ന പ്രക്രിയ നടക്കുകയാണെന്നുമാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടൻ മാധ്യമങ്ങളോട് പറഞ്ഞത്. പ്രശ്നം എത്രയും വേഗം പരിഹരിക്കാനാണ് മറ്റ് ട്രെയിനുകളും നിർത്തേണ്ടതായി വന്നതെന്നും യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിക്കുന്നതായും നെറ്റ്‌വർക്ക് റെയിൽ വക്താവ് അറിയിച്ചു