ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതിയ കുടിയേറ്റ നിയമത്തെ കുറിച്ചുള്ള ചർച്ചകളാണ് ബ്രിട്ടനിലെങ്ങും . അതിനിടയാണ് 42 വർഷം യുകെയിൽ താമസിച്ച 74 വയസ്സുകാരിയായ വിദേശ വനിതയോട് രാജ്യം വിടാൻ ഹോം ഓഫീസ് ആവശ്യപ്പെട്ടതായുള്ള വാർത്ത പുറത്തുവന്നത്. കുടിയേറ്റ നിയമങ്ങൾ കർശനമാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നത്. ബ്രെക്സിറ്റിന് ശേഷം യൂറോപ്യൻ യൂണിയൻ സെറ്റിൻഡ് പദവിക്കായി അപേക്ഷിച്ച ലെസ്റ്ററിൽ നിന്നുള്ള 74 വയസ്സുകാരിയായ ലിയോനാർഡ സർകോൺ ആണ് വിവാദമായ ഉത്തരവ് കിട്ടിയത്.
ഫ്രാൻസ് ആണ് ലിയോനാർഡ സർകോണിന്റെ സ്വദേശം . പൗരത്വം പുതുക്കേണ്ടതായുള്ള കൂടുതൽ വിവരങ്ങൾ നൽകാനുള്ള സമയപരുധി കഴിഞ്ഞതാണ് കർശന നടപടികളുമായി മുന്നോട്ടു പോകാൻ ഹോം ഓഫീസിനെ പ്രേരിപ്പിച്ചത്. എന്നാൽ ഇതിനായി ഹോം ഓഫീസ് അയച്ച ഈമെയിൽ സ്പാം മെയിലിൽ എത്തിയതു മൂലം ശ്രദ്ധിക്കപ്പെട്ടില്ലെന്നാണ് വിവരങ്ങൾ യഥാസമയം നൽകാൻ സാധിക്കാതിരുന്നതിന് കാരണമായതെന്ന് ലിയോനാർഡ പറഞ്ഞു.
42 വർഷമായി യുകെയിൽ താമസിക്കുന്ന മുതിർന്ന വനിതയോട് രാജ്യം വിടാൻ ആവശ്യപ്പെട്ട വാർത്ത വൻ വിവാദമായതോടെ ഇന്നലെ തങ്ങളുടെ ഉത്തരവ് പിൻവലിച്ചതായി ഹോം ഓഫീസ് അറിയിച്ചെന്ന് മകൻ ഡേവിഡ് ബ്രൂനെറ്റോ മാധ്യമങ്ങളോട് പറഞ്ഞു. ഏഴുവർഷം മുമ്പ് വരെ അംലെസ്റ്ററിൽ ഒരു ഷോപ്പ് നടത്തിയിരുന്ന സർകോൺ യുകെയിൽ ജീവിക്കാനുള്ള അവസരം നഷ്ടമായതായി അറിഞ്ഞത് തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവം ആയിരുന്നെന്നാണ് പ്രതികരിച്ചത്. സെപ്റ്റംബറിൽ ഫ്രാൻസിലെ ഒരു കുടുംബ വിവാഹത്തിൽ പങ്കെടുത്ത് യുകെയിൽ മടങ്ങിയെത്തിയ അവർ എയർപോർട്ടിലെ ഇമിഗ്രേഷൻ ഓഫീസിൽ നിന്നാണ് യുകെയിൽ തനിക്ക് താമസിക്കാൻ അവകാശമില്ലന്ന വാർത്ത ആദ്യമായി അറിഞ്ഞത്. ഒടുവിൽ 20 ദിവസത്തെ സന്ദർശക വിസയിലാണ് അവരെ കടത്തിവിട്ടത്. തന്റെ കുട്ടിക്കാലം യുകെയിൽ ചിലവിട്ടിരുന്ന അവർ 1981 – മുതൽ തൻറെ ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ബ്രിട്ടനിൽ സ്ഥിരതാമസക്കാരിയാണ്.
Leave a Reply