ന്യൂസ് ഡെസ്ക് മലയാളം യുകെ

പ്രധാനമന്ത്രി ഋഷി സുനക് റുവാണ്ട ബില്ലിന്റെ പേരിൽ സ്വന്തം പാർട്ടിയിൽ നിന്ന് നേരിട്ട ഭീഷണിയുടെ ആദ്യ കടമ്പ കടന്നു. ഇന്നലെ നടന്ന ചർച്ചയിൽ ടോറി എംപിമാരാരും എതിർത്ത് വോട്ട് ചെയ്തില്ല. എന്നിരുന്നാലും പാർട്ടിയിലെ വലതുപക്ഷമായ വിമതർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. ബില്ല് കൂടുതൽ കർശനമാക്കണമെന്നാണ് വിമതപക്ഷത്തിന്റെ ആവശ്യം. എന്നാൽ ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായി വിലയിരുത്തുമെന്ന പ്രശ്നമാണ് സർക്കാർ അഭിമുഖീകരിക്കുന്നത്. രാജ്യാന്തര നിയമങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള നിയമനിർമ്മാണത്തെ ശക്തമായി എതിർക്കുമെന്ന് ഭരണപക്ഷത്തെ നല്ലൊരു ശതമാനം എംപിമാരും വ്യക്തമാക്കിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഭയാർത്ഥികളെ റുവാണ്ടയിലേയ്ക്ക് അയക്കാനുള്ള സർക്കാരിൻറെ പദ്ധതി പുനരുജീവിപ്പിക്കുന്നതിനാണ് അടിയന്തിര നിയമ നിർമാണം നടക്കുന്നത്. ചെറിയ ബോട്ടുകളിൽ ചാനൽ കടന്ന് യുകെയിൽ എത്തുന്നതിൽ നിന്ന് കുടിയേറ്റക്കാരെ തടയുന്നതിനാണ് ഈ പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്. വലതുപക്ഷത്തെ ചില ടോറി എംപിമാർ ബില്ലിനെതിരെ വോട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ഒടുവിൽ പ്രതിപക്ഷ എംപിമാർ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്. ബിൽ 269 നെതിരെ 313 വോട്ടുകൾക്ക് പാസായി . ബില്ലിൽ പ്രതിഷേധിച്ച് കഴിഞ്ഞ ആഴ്ച രാജിവച്ച ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്ക് ഉൾപ്പെടെ 37 ടോറി എം പി മാരും മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും വോട്ട് രേഖപ്പെടുത്തിയില്ല.


പല എംപിമാരും സർക്കാരിന് അനുകൂലമായി വോട്ട് ചെയ്തതിന് പിന്നിൽ പിന്നീട് ഭേദഗതികൾ ബില്ലിൽ വരുമെന്ന ഉറപ്പാണെന്നാണ് പിന്നാമ്പുറ സംസാരം. കഴിഞ്ഞ മാസം റുവാണ്ടയിലേക്ക് അഭയാർത്ഥികളെ അയക്കുന്ന യുകെയുടെ നടപടി നിയമ വിരുദ്ധമാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. അതിനെ മറികടക്കാനാണ് അടിയന്തിര നിയമനിർമ്മാണം ആവശ്യമായി വന്നിരിക്കുന്നത് .മറ്റ് പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ലേബർ പാർട്ടി എംപിമാരും ബില്ലിനെതിരെ വോട്ട് ചെയ്തു. അടുത്ത തിരഞ്ഞെടുപ്പ് വിജയിച്ചാൽ റുവാണ്ട പദ്ധതി ഉപേക്ഷിക്കണമെന്നാണ് ലേബർ പാർട്ടിയുടെ നിലപാട് .നിലവിൽ അവതരിപ്പിച്ചിരിക്കുന്ന ബിൽ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൽ കോടതികളുടെ ഇടപെടൽ തടയാൻ അപര്യാപ്തമാണെന്നാണ് വിമതപക്ഷത്തിന്റെ വാദം.