ന്യൂസ് ഡെസ്ക് മലയാളം യുകെ
പുതുവർഷത്തിന്റെ ആഘോഷങ്ങൾക്ക് ഇടയിൽ തന്റെ സമപ്രായക്കാരനെ കൊലപ്പെടുത്തിയ കേസിൽ 16 വയസ്സുകാരനെ കോടതിയിൽ ഹാജരാക്കി. വടക്കൻ ലണ്ടനിലായിരുന്ന യുകെയെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. കൊല്ലപ്പെട്ട ഹാരി പിറ്റ്മാനും കൂട്ടുകാരും പ്രിംറോസ് ഹില്ലിൽ കരിമരുന്ന് കലാപ്രകടനം കാണാനെത്തിയപ്പോഴാണ് സംഭവം നടന്നത്. പാരാമെഡിക്കലുകൾ എത്തുന്നതിന് മുമ്പ് പോലീസ് ഉദ്യോഗസ്ഥർ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ഹാരിയുടെ ജീവൻ രക്ഷിക്കാനായില്ല . ഹാരി സംഭവസ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.
യുകെയിൽ കൗമാരപ്രായക്കാരിൽ പകുതിയും ആക്രമത്തിന് സാക്ഷികളോ ഇരകളോ ആയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . കത്തി കൊണ്ടുള്ള കുറ്റകൃത്യങ്ങൾ, ഭീഷണിപ്പെടുത്തൽ , സംഘട്ടനങ്ങൾ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിലാണ് കൗമാരക്കാർ ഉൾപ്പെടെയുള്ളവർ ഉൾപ്പെടുകയോ സാക്ഷികളാവുകയോ ചെയ്യുന്നത്. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ കഴിഞ്ഞ 12 മാസത്തിനിടെ 358,000 കൗമാരക്കാർക്കാണ് ശാരീരികമായി പരിക്കേറ്റത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും മാത്രം കണക്കുകൾ ആണിത് .
ഇങ്ങനെയുള്ള പ്രശ്നത്തിൽ പെട്ട് കഴിഞ്ഞ 12 മാസത്തിനിടെ 5 പേരിൽ ഒരു കൗമാരക്കാരന്റ വിദ്യാഭ്യാസം മുടങ്ങിയതായാണ് പഠനം കണ്ടെത്തിയത്. കൗമാരക്കാരുടെ ഇടയിൽ അക്രമ സംഭവങ്ങൾ തടയാൻ യൂത്ത് എൻഡോവ്മെൻറ് ഫണ്ടിനായി 200 മില്യൻ പൗണ്ട് ആണ് സർക്കാർ ധനസഹായമായി നൽകിയത്.
അക്രമ സംഭവങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിനും പ്രേരിപ്പിക്കുന്നതിനും സോഷ്യൽ മീഡിയയുടെ പങ്ക് പഠനത്തിൽ എടുത്തു പറയുന്നുണ്ട്. അക്രമ സംഭവങ്ങളിൽ പെൺകുട്ടികൾ ഉൾപ്പെടുന്നതും വളരെ കൂടിയതായാണ് കണ്ടെത്തൽ . 5 ശതമാനം ആൺകുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ 7 ശതമാനം പെൺകുട്ടികളും ലൈംഗിക അതിക്രമത്തിന് ഇരയായതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. സ്കൂളുകളിലും കോളേജുകളിലും ഏർപ്പെടുത്തുന്ന ഫലപ്രദമായ മെന്ററിങ് പ്രോഗ്രാമുകളിലൂടെ 21 % അക്രമ സംഭവങ്ങളും കുറയ്ക്കാനാവുമെന്ന് വൈ ഇഎഫിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺ യേറ്റ്സ് പറഞ്ഞു.
Leave a Reply