ന്യൂസ് ഡെസ്ക് മലയാളം യുകെ
കോസ്റ്റേസിയിലെ ഒരു വീട്ടിൽ പുരുഷനും സ്ത്രീയും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാലു പേരെ മരിച്ചനിലയിൽ കണ്ടെത്തി. നോർവിച്ചിന് സമീപമുള്ള കോസ്റ്റേസിയിലെ വീട്ടിലാണ് ഈ ദാരുണ സംഭവം നടന്നത്. അയൽക്കാർ നൽകിയ വിവരങ്ങൾ അനുസരിച്ച് പോലീസ് പരിശോധന നടത്തിയപ്പോഴാണ് സംഭവം പുറം ലോകം അറിഞ്ഞത്. 45 വയസുള്ള ഒരു പുരുഷനും 36 വയസ്സുള്ള ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളുമാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇവരുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നതായും നോർഫോക്ക് പോലീസ് പറഞ്ഞു.
മരിച്ചവരിൽ മൂന്ന് പേർ വീട്ടിൽ താമസിക്കുന്നവർ തന്നെയാണെന്നും 36 കാരിയായ സ്ത്രീ ഇവരെ സന്ദർശിക്കാൻ എത്തിയതാണെന്നും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറഞ്ഞു. മരിച്ചവരുടെ പേരു വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. പ്രദേശവാസികളിൽ വളരെ ഞെട്ടൽ ഉണ്ടാക്കിയ ഈ സംഭവം തികച്ചും ദാരുണമാണെന്ന് സേന അറിയിച്ചു. നിലവിൽ പോലീസിൻെറ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.
അതേസമയം സമീപത്തെ വനപ്രദേശത്ത് നിന്ന് കണ്ടെടുത്ത കത്തിക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ ക്രിസ് ബർഗെസ് പറയുന്നു. നിലവിൽ അന്വേഷണം സംഭവം നടന്ന പ്രദേശത്തെ കേന്ദ്രികരിച്ചായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply