ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയിലെ വിവിധ യൂണിവേഴ്സിറ്റികളിലേയ്ക്കുള്ള ഇൻറർനാഷണൽ സ്റ്റുഡന്റസിന്റെ പ്രവേശന നടപടികളിൽ സമൂലമായ മാറ്റം ഉടനെ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . വിവിധ റിക്രൂട്ട്മെൻറ് ഏജൻ്റുമാരുടെ ഇടപെടലുകളും പ്രവേശന നടപടികളിലെ സുതാര്യത ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാർ അവലോകനം നടത്തും.
പ്രവേശന പ്രക്രിയകളുടെ വിവിധ മാനദണ്ഡങ്ങളുടെ സുതാര്യതയാണ് വിദ്യാർഥികൾക്കും അവരുടെ കുടുംബത്തിനും ബോധ്യമാകേണ്ടതെന്ന് സർവ്വകലാശാലകളുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു . മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ താരതമ്യേന ഉയർന്ന ട്യൂഷൻ ഫീസ് ആണ് നൽകുന്നത്. അതുകൊണ്ടുതന്നെ പല സർവകലാശാലകളുടെയും സാമ്പത്തിക അടിത്തറയുടെ ആണിക്കല്ല് വിദേശ വിദ്യാർത്ഥികളാണ്. വിദേശ വിദ്യാർഥികളെ കൂടുതൽ പ്രവേശിപ്പിക്കാനായി മാനദണ്ഡങ്ങളിലും നിലവാരത്തിലും വിട്ടുവീഴ്ച ചെയ്യേണ്ടതായി വന്നതായാണ് സർവകലാശാലകൾക്കെതിരെ ഉയർന്നു വന്ന പ്രധാന ആരോപണം. കൂടുതൽ കുട്ടികളെ കിട്ടാൻ യൂണിവേഴ്സിറ്റി അധികൃതരും റിക്രൂട്ട്മെൻറ് ഏജൻസികളും തമ്മിൽ അവിശുദ്ധബന്ധം ഉള്ളതായ ആരോപണങ്ങളും നിലവിലുണ്ട്. പല സർവകലാശാലകളും വിദേശ വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന ഉയർന്ന ഫീസിൽ നിന്നാണ് ആഭ്യന്തര വിദ്യാർഥികൾക്ക് ഫീസ് ഇളവ് നൽകുന്നത്.
നേരത്തെ വിദേശ വിദ്യാർഥികൾക്ക് വിസ നിയമങ്ങളിലും സ്റ്റേ ബാക്കിലും ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് യുകെയിലെ മലയാളി വിദ്യാർഥികളുടെ തള്ളിക്കയറ്റം തന്നെ ഉണ്ടായിരുന്നു. കോഴ്സ് കഴിഞ്ഞ് മതിയായ സ്റ്റേബായ്ക്കും ആശ്രിതരെ കൊണ്ടുവരാമെന്നുള്ളതുമാണ് മലയാളി വിദ്യാർത്ഥികളെ യുകെയിലേയ്ക്ക് ആകർഷിച്ച മുഖ്യ ഘടകങ്ങൾ. കേരളത്തിൻറെ മുക്കിലും മൂലയിലും മലയാളി വിദ്യാർഥികളെ ആകർഷിക്കാനുള്ള പരസ്യങ്ങളുമായി ഒട്ടേറെ റിക്രൂട്ട്മെൻറ് ഏജൻസികൾ മുളച്ചു പൊങ്ങിയത് ഈ സാഹചര്യത്തിലാണ്. എന്നാൽ വരുന്ന അധ്യയനവർഷത്തിൽ കേരളത്തിൽനിന്ന് യുകെയിലേയ്ക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിന് കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. വിദ്യാർഥി വിസ നിയമത്തിൽ യുകെ നടപ്പിലാക്കിയ മാറ്റങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഭർത്താവോ ഭാര്യയോ പഠിക്കാനായി യുകെയിൽ എത്തുകയും അധികം താമസിയാതെ ആശ്രിതവിസയിൽ കുടുംബത്തെ കൂടി കൊണ്ടു വരികയും ചെയ്യുക എന്നതും സ്ഥിരമായി മലയാളി വിദ്യാർത്ഥികളുടെ ഇടയിൽ നടക്കുന്ന പ്രവണതയാണ്. എന്നാൽ പുതിയ ഇമിഗ്രേഷൻ നിയമങ്ങൾ അനുസരിച്ച് വിദേശ വിദ്യാർഥികൾ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുകയില്ല. ഭാര്യയെയോ ഭർത്താവിനെയോ കൊണ്ടുവരാൻ ലക്ഷ്യം വെച്ച് യുകെയിൽ പഠിക്കാൻ എത്തിയ വിദ്യാർത്ഥികൾക്ക് ഇത് കടുത്ത തിരിച്ചടിയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply